കൊളംബോ: ശ്രീലങ്കയില്‍ മഹീന്ദ രജപക്സെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ഏഴ് ആഴ്ച നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് അവസാനമാകുന്നത്.
ഇന്ന് രജപക്സെ രാജി വെക്കുമെന്ന് മഹീന്ദ രജപക്സെയുടെ അടുത്ത അനുയായി നമള് രജപക്സെയാണ് ഇന്നലെ രാത്രി ട്വീറ്റ് ചെയ്തിരുന്നു, രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനാണ് ഈ തീരുമാനമെന്ന് ട്വീറ്റില്‍ പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് ഔദ്യോഗികമായി ഇന്ന് രാജി പ്രഖ്യാപിക്കുമെന്നും ട്വീറ്റിലുണ്ട്.
ഒക്ടോബര്‍ 27ന് പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്സെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. റനില്‍ വിക്രമസിംഗെക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ പ്രസിഡന്റ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്തിരുന്നു. ശ്രീലങ്കന്‍ സുപ്രീം കോടതി ഇത് റദ്ദു ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കോടതിയില്‍ കൂടി തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രജപക്സെ രാജിവെക്കുന്നത്. വിക്രമസിംഗെ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്നും റിപ്പോര്‍ട്ടുണ്ട്.