കൊളംബോ: പാര്‍ലമെന്റ് പിരിച്ചുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ലങ്കന്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 7 വരെയാണ് ഉത്തരവ് കോടതി സ്റ്റേ ചെയ്തത്. പാര്‍ലമെന്റ് പിരിച്ചുവിട്ട്
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്താനായിരുന്നു സിരിസേനയുടെ തീരുമാനം. ജനുവരി 5ന് തന്നെ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ പാര്‍ലമെന്റ് ജനുവരി 17ന് ചേരുമെന്നും പ്രസിഡന്റ് ഉത്തരവിറക്കിയിരുന്നു. ഈ നടപടിയാണ് കോടതി റദ്ദാക്കിയത്.
താൻ പ്രധാനമന്ത്രി പദത്തിലേക്കു നിർദേശിച്ച മഹീന്ദ രാജപക്സെയ്ക്കു പിന്തുണ തെളിയിക്കാൻ ആവശ്യമായ അംഗങ്ങൾ ഒപ്പമില്ലെന്നു വെള്ളിയാഴ്ച പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായതിൽ നിന്ന് എട്ട് അംഗങ്ങളുടെ കുറവുണ്ടെന്നാണ് രാജപക്സെയുടെ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് അറിയിച്ചത്.
225 അംഗ പാർലമെന്റ് പിരിച്ചുവിട്ടുള്ള ഉത്തരവ് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എന്നാല്‍ സിരിസേനയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ സർക്കാരിനു രണ്ടു വർഷം കാലാവധി ബാക്കിനിൽക്കവെയാണ് സിരിസേന രാജപക്സെയെ പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ചത്.