വാർദ്ധ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജി ഇന്ത്യയെ ഒരുമിപ്പിക്കാനാണ് ശ്രമിച്ചത്, എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ വാർദ്ധയിൽ മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എച്ച് എ എല്ലിന് പകരം റാഫേൽ കരാറിന് എന്തിനാണ് അനിൽ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തതെന്ന് നരേന്ദ്ര മോദി രാജ്യത്തോട് വിശദീകരിക്കണം. പാാർലമെന്റിൽ ഈ ചോദ്യം വന്നപ്പോൾ അദ്ദേഹം കണ്ണിൽ നോക്കിയല്ല മറുപടി പറഞ്ഞത്. അതിനർത്ഥം അദ്ദേഹം കളളംപറയുന്നു എന്നാണ്.
എൻഡിഎ നയിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ കോർപ്പറേറ്റുകളുടെ 3.20 ലക്ഷം കോടി കടമാണ് എഴുതി തളളിയത്. എന്നാൽ കർഷകരുടെ വായ്പ എഴുതി തളളാൻ അവർ തയ്യാറായില്ല. ഇന്ത്യയിലെ മോഷ്ടാക്കൾ പിൻവാതിലിലൂടെ അവരുടെ കൈവശം ഉണ്ടായിരുന്ന കളളപ്പണം വെളുപ്പിച്ചു. ഈ സമയത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മാറാൻ സാധാരണക്കാർ ബാങ്കുകൾക്ക് മുന്നിൽ ക്യു നിൽക്കുകയായിരുന്നു.
“മോദി കാവൽക്കാരനല്ല. അതിസമ്പന്ന മുതലാളിമാരുടെ പങ്കാളിയാണ്. നിങ്ങൾ മോദിക്കൊരു അവസരം നൽകി. അയാൾ നിങ്ങളെ ചതിച്ചു. ഇപ്പോൾ കോൺഗ്രസിനെ വിശ്വസിക്കൂ. മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിലൂന്നി ഇന്ത്യയെ ഞങ്ങൾ മുന്നോട്ട് നയിക്കും,” രാഹുൽ ഗാന്ധി പറഞ്ഞു.
സോണിയ ഗാന്ധി, മൻമോഹൻ സിങ്, ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, അശോക് ഗെഹ്ലോട്ട്, പി ചിദംബരം എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.