ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീ കോടതിയിൽ ഹർജി. നാഥുറാം വിനായക് ഗോഡ്സേയ്ക്ക് ഒപ്പം തൂക്കിക്കൊന്ന നാരായൺ ദത്താത്രേയ ആപ്തേയുടെ പങ്ക് പൂർണ്ണമായി തെളിയിക്കപ്പെട്ടതല്ലെന്നാണ് പുനരന്വേഷണ ഹർജിയിൽ പറയുന്നത്.

68 വർഷങ്ങൾക്ക് മുൻപ് 1949 നവംബർ 15 നാണ് ഇരുവരെയും ഈസ്റ്റ് പഞ്ചാബ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൂക്കിക്കൊന്നത്. നാരായൺ ദത്താത്രേയ ആപ്തേ ഇന്ത്യൻ എയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നുവെന്ന 1966 ലെ ജസ്റ്റിസ് ജെഎൽ കപൂർ കമ്മിഷൻ റിപ്പോർട്ടാണ് ഹർജിക്കാധാരം. അതേസമയം നാരായൺ ദത്താത്രേയ ആപ്തേ ഇന്ത്യൻ എയർ ഫോഴ്സിലെ ജീവനക്കാരനായിരുന്നില്ലെന്ന് 2016 ജനവരി 7 ന് അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ ഹർജിക്കാരനായ ഡോ.പങ്കജ് ഫഡ്നിസിനോട് വ്യക്തമാക്കിയിരുന്നു.

മുംബൈയിലെ അഭിനവ് ഭാരതിന്റെ ട്രസ്റ്റിയും ഇവിടുത്തെ ഗവേഷകനുമാണ് ഡോ. പങ്കജ് ഫഡ്നിസ്. ചരിത്രത്തിലെ ഏറ്റവും വലിയ വളച്ചൊടിക്കലാണോ മഹാത്മ ഗാന്ധി കൊലക്കേസിൽ സംഭവിച്ചതെന്ന സംശയമാണ് ഫഡ്നിസ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്.

1948 ജനുവരി 30 ന് നടന്ന കൊലപാതകത്തിൽ വിദേശ ശക്തികളുടെ പങ്കുണ്ടെന്ന സംശയമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. നാരായൺ ദത്താത്രേയ ആപ്തേ ബ്രിട്ടീഷ് ഫോഴ്സ് 133 ന്റെ ഭാഗമായിരുന്നുവെന്ന സംശയമാണ് നിലനിൽക്കുന്നതെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാന്ധിയുടെ ശരീരത്തിൽ നാലാമതൊരു ബുള്ളറ്റ് കൂടിയുണ്ടായിരുന്നോ എന്നാണ് ഇദ്ദേഹം ചോദിച്ചിരിക്കുന്ന മറ്റൊരു കാര്യം. നാഥുറാം വിനായക് ഗോഡ്സേ അല്ലാതെ മറ്റാരെങ്കിലും ഗാന്ധിയെ വെടിവച്ചിരുന്നോയെന്ന് അറിയണം.

കേസിൽ പന്ത്രണ്ട് പേരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ വിനായക് ദാമോദർ സവർക്കറെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വെറുതെ വിട്ടിരുന്നു. ഒരാൾ മാപ്പുസാക്ഷിയായി. മൂന്ന് പേർ ഒളിവിൽ പോയി. ഇവരെ പിടികൂടാൻ സാധിച്ചില്ല. അഞ്ച് പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു.

അംബാല ജയിലിലാണ് ഗോഡ്സെയെയും നാരായൺ ദത്താത്രേയ ആപ്തെയെയും തൂക്കിക്കൊന്നത്. ഈസ്റ്റ് പഞ്ചാബ് ഹൈക്കോടതി ഇരുവരുടെയും കുറ്റം ശരിവച്ച് ശിക്ഷ വിധിച്ചത് 1949 ജൂൺ 21 നായിരുന്നു. സവർക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2001 ൽ മുംബൈയിൽ അഭിനവ് ഭാരത് സ്ഥാപിക്കുന്നത്.

മഹാത്മഗാന്ധിയുടെ കാലപാതക കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പുറകിൽ ഇനിയും ഏറെ കാര്യങ്ങൾ വ്യക്തമാകാനുണ്ടെന്നുമാണ് ഫഡ്നിസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ