ന്യൂഡൽഹി: മഹാത്മ ഗാന്ധിയെ വധിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിൽ വിവാദ വെളിപ്പെടുത്തൽ. മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ അമേരിക്കൻ ലൈബ്രറിയിലുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. അത്തരത്തിലൊന്നുണ്ടെങ്കിൽ അത് ഹർജി അപേക്ഷയ്ക്ക് ഒപ്പം സമർപ്പിക്കണമായിരുന്നുവെന്ന് സുപ്രീം കോടതി മറുപടി നൽകി.

അഭിനവ് ഭാരത് ട്രസ്റ്റി ഡോ. പങ്കജ് ഫഡ്‌നിസ് സമർപ്പിച്ച ഹർജിയിലാണ് മറുവാദം. അമേരിക്കൻ പാർലമെന്റിനകത്തെ ലൈബ്രറിയിൽ നിന്ന് ഗാന്ധി വധത്തിന് പിന്നിൽ വലിയ ഗൂഢാലോചന വ്യക്തമാക്കുന്ന രേഖകൾ തനിക്ക് ലഭിച്ചുവെന്നാണ് പങ്കജ് വാദിച്ചത്. എന്നാൽ ഇത് എന്തുകൊണ്ട് ഹർജിക്കൊപ്പം സമർപ്പിച്ചില്ലെന്ന വാദം ഹർജിക്കാരന് തിരിച്ചടിയായി.

ഗാന്ധിയുടെ മൃതദേഹത്തിലെ ഫോറൻസിക് രേഖകൾ കൂടി പരിശോധിക്കണമായിരുന്നുവെന്ന് അമേരിക്കൻ അറ്റോർണി തന്നോട് പറഞ്ഞതായും ഇദ്ദേഹം കോടതിയിൽ വാദിച്ചു.

ഇത് വളരെ ആകർഷകമായി തോന്നുന്നുവെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് ഇക്കാര്യം പരിശോധിക്കാം എന്നും വ്യക്തമാക്കി. ന്യൂയോർക്കിലെ കോടതിയിൽ അവിടുത്തെ ഒരു അറ്റോർണി സമർപ്പിച്ച സത്യാവങ്മൂലവും ഇതോടൊപ്പം സമർപ്പിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ട് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഇപ്പോൾ വേണമെങ്കിലും ലഭിക്കുമെന്ന് പറഞ്ഞ കോടതി കേസ് പുനരന്വേഷിക്കണമോയെന്ന് തീരുമാനിച്ച ശേഷമാകാം ഇക്കാര്യത്തിൽ നിലപാട് എടുക്കുന്നതെന്നും വ്യക്തമാക്കി.

ന്യൂയോർക്കിൽ നിന്നുമാണ് താൻ വരുന്നതെന്നും, പാർലമെന്റ് ലൈബ്രറിയിൽ നിന്നും ലഭിച്ച രേഖകൾ തന്റെ പക്കലുണ്ടെന്നും ഡോ പങ്കജ് വ്യക്തമാക്കി. “ഈ രേഖകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണ്. നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചതാണ്. എനിക്കിവ ന്യൂയോർക്കിൽ നിന്ന് ലഭിച്ചു”, പങ്കജ് കോടതിയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ