മുംബൈ: നിധിക്ക് വേണ്ടി രണ്ടു വയസുകാരനെ അരുംകൊല ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ ബ്രഹ്മപുരിക്കടുത്ത് ഖണ്ഡല ഗ്രാമത്തിലാണ് സംഭവം. അശോക് മെശാറാമിന്റെ രണ്ട് വയസുകാരനായ മകൻ യുഗ് മെശാറം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അശോകിന്റെ അയൽവാസികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 22 ന് സഹോദരൻ നാല് വയസുകാരനായ ഹർഷലിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് യുഗിനെ കാണാതായത്. യുഗിനെ കാണാതെ ഹർഷൽ വീട്ടിലേക്ക് മടങ്ങിയെത്തിയതോടെയാണ് മാതാപിതാക്കൾ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ബ്രഹ്മപുരി പൊലീസിൽ പരാതിപ്പെട്ടു.

“ഞങ്ങൾ വ്യത്യസ്ത സംഘങ്ങളായാണ് കുട്ടിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. മെശാറാമിന്റെ അയൽവാസികളായ സുനിൽ, പ്രമോദ് ബങ്കർ എന്നിവർ ദുർമന്ത്രവാദം ചെയ്യുന്നവരാണെന്ന് ഈ ഘട്ടത്തിൽ അറിവ് കിട്ടി. ഇതോടെയാണ് ഇവരെ നിരീക്ഷിക്കാൻ തുടങ്ങിയത്. ബുധനാഴ്ച ഇവരുടെ വീട്ടിൽ ഞങ്ങൾ തിരച്ചിൽ നടത്തി. ഈ സമയത്ത് പ്രമോദിന്റെ വീടിന്റെ പുറകിലെ വൈക്കോൽക്കൂനയിൽ യുഗിന്റെ മൃതദേഹം സൂക്ഷിച്ചതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു,” ചന്ദ്രപൂർ എസ്‌പി മഹേശ്വർ റെഡ്ഡി പറഞ്ഞു.

മെശാറാമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് സുനിലും പ്രമോദും. അതിനാൽ തന്നെ കുട്ടികളെ കാണാതായപ്പോൾ ഇരുവരെയും അശോക് സംശയിച്ചില്ല.

അന്ധവിശ്വാസത്തിന്റെ പേരിലാണ് രണ്ട് വയസുകാരനായ കുരുന്നിന്റെ ജീവനെടുത്തത്. യുഗിന് തലയിൽ മുടിയിഴകൾക്കിടയിൽ മൂന്ന് ചുഴികളുണ്ടായിരുന്നുവെന്നും, അവൻ ജനിച്ചപ്പോൾ ആദ്യം കാലാണ് തറയിലേക്ക് വന്നതെന്നുമാണ് കൊലപാതകത്തിന് തിരഞ്ഞെടുക്കാനുളള കാരണമായി പ്രതികൾ പറഞ്ഞത്. മന്ത്രവാദത്തിന് ശേഷം ഓഗസ്റ്റ് 23 ന് രാത്രി യുഗിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി.

മൃതദേഹം പുഴയിൽ ഒഴുക്കാനായിരുന്നു പദ്ധതി. എന്നാൽ അപ്പോഴേക്കും കുട്ടിയെ കാണാതായ സംഭവം വലിയ വിവാദമായി. ആളുകൾ തിരച്ചിൽ ശക്തമാക്കിയതോടെയാണ് പ്രതികൾ മൃതദേഹം തങ്ങളുടെ വീട്ടിൽ തന്നെ സൂക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook