മുംബൈ: ഒടുവിൽ വകുപ്പുകൾ സംബന്ധിച്ചുള്ള മഹാ വികാസ് അഗദി സഖ്യ പങ്കാളികൾ തമ്മിലുള്ള തർക്കം അവസാനിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറിന് ധനകാര്യവും എൻസിപി നേതാവ് അനിൽ ദേശ്മുഖിന് ആഭ്യന്തരവും നൽകി. പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നിയമവകുപ്പുകള്‍ എന്നിവ മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് ലഭിച്ചു. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു കൊണ്ടുള്ള പട്ടികയ്ക്ക് ഗവര്‍ണര്‍ ഭഗത്‌സിങ് കോശിയാരി അംഗീകാരം നല്‍കി.

താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ എംഎൽഎയായ ആദിത്യ താക്കറേയ്ക്കാണ് വിനോദ സഞ്ചാരം, പരിസ്ഥിതി വകുപ്പുകൾ ലഭിച്ചത്. നഗരവികസന വകുപ്പിന്റെ ചുമതല ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡേയ്ക്കാണ്.

വ്യവസായം-ഖനനം വകുപ്പുകളും മറാത്ത ഭാഷാ വകുപ്പും ശിവസേനയുടെ സുഭാഷ് ദേശായിക്കാണ് നല്‍കിയിട്ടുള്ളത്. എന്‍.സി.പിയുടെ ജയന്ത് പാട്ടീലിന് ജലവിഭവ വകുപ്പും ലഭിച്ചു. 14 മന്ത്രിമാരുള്ള എൻസിപിയ്ക്കാണ് പ്രധാനവകുപ്പുകളെല്ലാം ലഭിച്ചത്.

കോൺഗ്രസിന്റെ നിതിൻ റാവുത്തറിന് ഊർജ വകുപ്പും എൻ‌സി‌പിയുടെ ധനഞ്ജയ് മുണ്ടെ സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ചുമതലയും നൽകി. ശിവസേന നേതാവ് അബ്ദുൾ സത്താറിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പിന്നാലെയാണ് അദ്ദേഹത്തെ റവന്യൂ, ഗ്രാമവികസന മന്ത്രിയായി നിയമിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 36 മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിച്ചതിന് അഞ്ച് ദിവസത്തിന് ശേഷമാണ് വകുപ്പ് വിഭജനം നടന്നത്. 44 എം‌എൽ‌എമാരുള്ള കോൺഗ്രസിന് 12 മന്ത്രി സ്ഥാനവും 56 എം‌എൽ‌എമാരുള്ള സേനയ്ക്ക് 15 ഉം 54 എംഎൽഎമാരുള്ള എൻ‌സി‌പിക്ക് 16ഉം മന്ത്രിമാരാണ് ഉള്ളത്.

മുതിർന്ന എൻ‌സി‌പി നേതാക്കളായ നവാബ് മാലിക്, ചഗൻ ഭുജ്ബാൽ, ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവാദ് എന്നിവർക്ക് യഥാക്രമം ന്യൂനപക്ഷം, ഭക്ഷണം, സിവിൽ സപ്ലൈ, ജലസേചനം, ഭവന വികസനം എന്നീ ചുമതലകൾ നൽകി. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാനെ നിർണായക പൊതുമരാമത്ത് വകുപ്പും ബാലസാഹേബ് തോരത്തിന് റവന്യൂ വകുപ്പും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook