മുംബൈ: കോർപ്പറേറ്റ് കമ്പനികൾ നിർബന്ധമായും നൽകേണ്ട സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഇനി പുകയില കമ്പനികളെ ആശ്രയിക്കില്ലെന്ന തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. മിസോറാം,  പഞ്ചാബിനും, ഹിമാചൽ പ്രദേശിനും പുറകേയാണ് ഇത്തരമൊരു തീരുമാനവുമായി മഹാരാഷ്ട്രയും മുന്നോട്ട് വരുന്നത്.

അംഗീകാരം ലഭിച്ചാൽ അധികം താമസിയാതെ തന്നെ ഇക്കാര്യത്തിൽ എല്ലാ വകുപ്പ് മേധാവികൾക്കും ആരോഗ്യമന്ത്രാലയം കത്തയക്കുമെന്നാണ് വിവരം. അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്ന് അനുമതി ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഈ വിജ്ഞാപനം. ഇനി മുതൽ സർക്കാരിന്റെ പദ്ധതികൾക്കോ, സർക്കാർ പങ്കാളിത്തത്തിലുള്ള പദ്ധതികൾക്കോ പുകയില കമ്പനികൾക്ക് ഭാഗമാകാനാവില്ല.

നേരിട്ടോ അല്ലാതെയോ പുകയില ബ്രാന്റുകൾക്ക് സർക്കാർ പരസ്യം ചെയ്യുന്നതിനെ വിലക്കുന്നതിനാണ് ഈ ശ്രമം. സംസ്ഥാനത്ത് പുകയില നിരോധിത നിയമം പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ തീരുമാനം.

ഇന്ത്യൻ ടുബാകോ കമ്പനി, ഗോഡ്ഫ്രേ ഫിലിപ് എന്നിവരാണ് നിലവിൽ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് ചിലവഴിക്കുന്നത്. രാജ്യത്താകെ 1400 പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെന്നാണ് ഐടിസി യുടെ വെളിപ്പെടുത്തൽ.

ആന്ധ്രപ്രദേശിലെ പ്രാഥമിക വിദ്യാലയങ്ങളിൽ സ്കൂൾ ബാഗുകൾ നൽകിയതടക്കം അംഗൻവാടികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമായി ഗോഡ്ഫ്രേ ഫിലിപ് പണം ചിലവഴിച്ചിട്ടുണ്ട്. എച്ചഐവി എയ്ഡ്സ് പ്രതിരോധത്തിനും ഗോഡ്ഫ്രേ പണം ചിലവഴിക്കുന്നുണ്ട്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook