മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച അക്രമസംഭത്തില്‍ നാല്‍പ്പതോളം വാഹനങ്ങളും നിരവധി കടകളും തീവച്ച് നശിപ്പിച്ചു.

കല്ലേറും തീയിടലുമായി വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔറംഗാബാദിലെ ഗാന്ധി നഗര്‍ പ്രദേശത്താണ് സംഭവം. നഗരത്തിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് അക്രമം വ്യാപിച്ചു. നിരവധി കടകളും വാഹനങ്ങളും തീയിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇരുവിഭാഗത്തില്‍പ്പെട്ടവരും തമ്മില്‍ നടത്തിയ കല്ലേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. അക്രമം തടയുന്നതിന് പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍ വാതക പ്രയോഗം നടത്തി.

മദ്യത്തിന് പണം കൊടുക്കാത്തിന്റെ പേരില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയെ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നും, അതല്ല, അനധികൃതമായി വെളളം എടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടതെന്നും വാര്‍ത്തകളുണ്ട്. സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ