മുംബൈ: മഹാരാഷ്ട്ര നിയമസഭ ലക്ഷ്യമാക്കി നീങ്ങുന്ന അഖിലേന്ത്യ കിസാൻ സഭ പ്രതിഷേധ മാർച്ചിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്ത്. സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ പെരുകിവരുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പോഷക സംഘടനായ കിസാൻ സഭ 12 ഇന ആവശ്യങ്ങളുമായി സമരം നടത്തുന്നത്. കഴിഞ്ഞ വർഷം നടത്തിയ മാർച്ചിന് പിന്നാലെ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നാണ് കിസാൻ സഭയുടെ ആവശ്യം.

35000ത്തിലേറെ കർഷകർ ആറ് ദിവസമായി കാൽനടയായി നടത്തിവരുന്ന മാർച്ച് മുംബൈ നഗരത്തിലേക്ക് പ്രവേശിച്ചു. ഈ സാഹചര്യത്തിൽ ശിവസേനയും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും ആംആദ്‌മി പാർട്ടിയും കർഷകരുടെ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു.

ഇന്ന് രാത്രി മുംബൈ നഗരത്തിനകത്തേക്ക് പ്രവേശിക്കുന്ന മാർച്ച് നാളെ മഹാരാഷ്ട്ര നിയമസഭയെ ഉപരോധിക്കും. അതേസമയം പ്രശ്നപരിഹാരത്തിന് വാഗ്ദാനങ്ങളുമായി വീണ്ടും മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ രംഗത്ത് വന്നു. എന്നാൽ വാഗ്ദാനമല്ല തീരുമാനങ്ങളാണ് ആവശ്യമെന്ന് കിസാൻ സഭ നിലപാടെടുത്തു.

മാർച്ച് നഗരത്തിലേക്ക് പ്രവേശിച്ചതോടെ പൊലീസ് ഗതാഗത നിയന്ത്രണത്തിനായി പരിശ്രമിക്കുകയാണ്. പല റോഡുകളിലെയും ഗതാഗതം വഴിതിരിച്ചുവിട്ടു. മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ തലവൻ രാജ് താക്കറെ സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളുമായി സംസാരിച്ചു. അതേസമയം ആംആദ്മി പാർട്ടി ഞായറാഴ്ച സമരത്തിൽ അണിചേരുമെന്ന് പറഞ്ഞു.

സംസ്ഥാന സർക്കാരിലെ ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുക്കുകയും നേതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. “സേനയും എംഎൻഎസും ആംആദ്മി പാർട്ടിയും ചില സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഞങ്ങളാ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. ആര് സമരത്തിന് പിന്തുണ നൽകിയാലും ഞങ്ങളത് സ്വീകരിക്കും,” കിസാൻ സഭയുടെ ജനറൽ സെക്രട്ടറി അജിത് നവാലെ പറഞ്ഞു. നേരത്തേ പെസന്റ് വർക്കേർസ് പാർട്ടിയും സിപിഐയും കിസാൻ സഭയുടെ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ