Latest News

മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 149 ആയി; കാണാതായത് 100 പേരെ

ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു

Maharashtra Rain

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലും പടിഞ്ഞാറൻ ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയില്‍ മരണസംഖ്യ 149 ആയി. ഞായറാഴ്ച 37 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ധനസഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ദുരിതബാധിത ജില്ലകളില്‍ കൂടുതല്‍ ദുരന്തനിവാരണ സേനാംഗങ്ങളെ അയക്കും.

“ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം സര്‍ക്കാര്‍‍ നല്‍കും. ഭക്ഷണം, തുണി, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്രയും വേഗം എത്തിക്കും. ജില്ലാ ഭരണകൂടത്തിനോട് രക്ഷാപ്രവര്‍ത്തനത്തിനിടെ സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മണ്ണിടിച്ചിലില്‍ 49 പേര്‍ മരണപ്പെട്ട റയ്ഗാഡിലെ തലിയെ വില്ലേജ് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി നാരായന്‍ റാനെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. “സംസ്ഥാന സര്‍ക്കാര്‍ എവിടെ? ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ എവിടെ? ജനങ്ങള്‍ നിസഹായരാണ്. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നില്ല,” കേന്ദ്രമന്ത്രി പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റെയ്ഗാഡിലാണ് മഴക്കെടുതിയില്‍ കൂടുതല്‍ മരണം സംഭവിച്ചത്. 60 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. സത്താരയില്‍ 41 പേരും മരിച്ചു. ഇതുവരെ ദുരന്തത്തില്‍ 100 പേരെയാണ് കാണാതായിരിക്കുന്നത്. 50 പേര്‍ക്ക് ഗുരുതരമായ പരുക്കുകളും പറ്റിയിട്ടുണ്ട്.

2.29 ലക്ഷം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 1.69 ലക്ഷം പേരെ സംഗലിയില്‍ നിന്ന് മാത്രം മാറ്റിപ്പാര്‍പ്പിച്ചു. കോലാപ്പൂരില്‍ നിന്ന് 40,882 പേരെയും. ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളാണ് വിവിധ പ്രദേശങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍, ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ 10 ടീമുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

Also Read: മണ്ണിടിച്ചിൽ: വാഹനത്തിന് മുകളിൽ പാറകൾ വീണ് ഒൻപത് പേർ മരിച്ചു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra rain death toll reaches near 150

Next Story
മണ്ണിടിച്ചിൽ: വാഹനത്തിന് മുകളിൽ പാറകൾ വീണ് ഒൻപത് പേർ മരിച്ചുHimachal landslides, Kinnaur landslides, 9 killed in Himachal landslides, landslides, Himachal news, Indian Express, ഹിമാചൽ പ്രദേശ്, മണ്ണിടിച്ചിൽ, മഴ, കിന്നൗർ, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com