മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 12 ആയി ഉയര്‍ന്നു. കെട്ടിടാവശിഷ്ടങ്ങളില്‍നിന്ന് നാലുവയസുകാരന്‍ ഉള്‍പ്പെടെ 78 പേരെ രക്ഷപ്പെടുത്തി.

മഹാഡിലെ ജനവാസമേഖലയിലെ കെട്ടിടം ഇന്നലെ വൈകിട്ട് ഏഴോടെയാണ് തകര്‍ന്നത്. നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന താരിഖ് ഗാര്‍ഡന്‍ എന്ന കെട്ടിടത്തിന്റെ മൂന്നു നിലകളാണു തകര്‍ന്നത്. കെട്ടിടത്തിനു 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല.

കെട്ടിടം നിലംപതിക്കുന്നതിനു മുന്‍പ് ചില താമസക്കാര്‍ രക്ഷപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ഈ കെട്ടിടത്തിലെ താമസക്കാരനല്ല. ഇയാള്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്.

ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവര്‍ക്കൊപ്പം പൊലീസും അഗ്‌നിശമന സേനയും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ക്ക് അതിവേഗം എത്താനായി പൂനെ മുതല്‍ റായ്ഗഡ് വരെ ഗതാഗതം സുഗമമാക്കിയിരുന്നു.

Also Read: ഫയലുകൾ സുരക്ഷിതം, അടിയന്തര സാഹചര്യമില്ല: അഡീ.സെക്രട്ടറി

സംഭവത്തില്‍ കെട്ടിടം നിര്‍മിച്ചയാള്‍, കരാറുകാരന്‍, ആര്‍ക്കിടെക്റ്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ റായ്ഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഘടനയിലെ ക്ഷയമാണു കെട്ടിടം തകരാന്‍ ഇടയാക്കിയതെന്നു റായ്ഗഡ് കലക്ടര്‍ നിധി ചൗധരി സംശയം പ്രകടിപ്പിച്ചു. മഹാഡില്‍ തിങ്കളാഴ്ച കനത്ത മഴപെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തില്‍ ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ” ഉറ്റവരെ നഷ്ടപ്പെട്ട കുടുംബള്‍ക്കൊപ്പമാണ് തന്റെ ചിന്തകള്‍. പരുക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു,”പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook