മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്കെതിരെ നിയമപോരാട്ടം നടത്താന്‍ കോണ്‍ഗ്രസ്. നിയമപോരാട്ടത്തിലൂടെ ബിജെപി സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സാധ്യതകള്‍ കുറവാണെങ്കിലും പരമാവധി പരിശ്രമിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന നാടകീയ നീക്കങ്ങളില്‍ കോണ്‍ഗ്രസ് ക്യാംപ് ആശങ്കയിലാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് കോണ്‍ഗ്രസിന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അഭിഭാഷകനായ അഭിഷേക് സിങ്‌വിയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. എന്തെങ്കിലും നിയമ സാധ്യതയുണ്ടോ എന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. എത്ര എന്‍സിപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയില്ല. കൃത്യമായ വിവരം ലഭിച്ച ശേഷമായിരിക്കും നിയമ പോരാട്ടത്തിലേക്ക് കടക്കുക.

Read Also: അജിത് പവാര്‍ കുടുംബത്തിന്റെ കൂട്ടുവിട്ടത് എന്തുകൊണ്ട്?

ഇന്ന് രാവിലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌തത്.  എൻ‌സി‌പി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. രാജ്ഭവനിൽ ഇരു നേതാക്കൾക്കും മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ജനവികാരം നടപ്പാക്കുകയാണ് തങ്ങൾ​ ചെയ്തതെന്നും, അത് അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫഡ്നാവിസ് പറഞ്ഞു. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook