മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വരാനാണ് സാധ്യത. രാഷ്ട്രപതി ഭരണത്തിനായി ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.

ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇന്നു രാത്രി 8.30 വരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്. സമയം തീരുന്നതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങും. ഗവര്‍ണര്‍ നല്‍കിയ സമയം തീരെ കുറഞ്ഞുപോയി എന്നാണ് എന്‍സിപി പറയുന്നത്.

Read Also: ‘ഹൃദ്യം ഈ​ ചിത്രം’; പ്രണവിനൊപ്പം സെല്‍ഫിയെടുത്തും മനസ് തുറന്ന് ചിരിച്ചും പിണറായി

രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തുള്ള ഗവര്‍ണറുടെ കത്ത് കേന്ദ്രത്തിനു ലഭിച്ചു. ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ചയായി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിൽ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യാൻ ധാരണയായതായാണ് റിപ്പോർട്ട്.

അതേസമയം, എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ശിവസേനയെ പിന്തുണക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഇതുവരെ സാധിച്ചിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

Read Also: ‘പവർ കാട്ടാൻ പവാർ’; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവം

മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം ഇപ്പോൾ മുംബൈയിൽ ചർച്ച തുടരുകയാണ്. ശിവസേനയുമായുള്ള സഖ്യത്തിൽ മുതിർന്ന ചില നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും എൻസിപിയുടെ നിലപാട് കൂടി പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ അഭിപ്രായം. കോൺഗ്രസ് പച്ചക്കൊടി കാണിച്ചാൽ ശിവസേനയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ എൻസിപി തയ്യാറാണ്. നിലവിലെ സാഹചര്യത്തിൽ ശിവസേനയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണം കൊണ്ട് വരാനാണ് തങ്ങളുടെ ശ്രമമെന്ന് എൻസിപി പറയുന്നു. കോൺഗ്രസുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് എൻസിപി നീക്കം. കോൺഗ്രസിനും എൻസിപിക്കും സേനയ്ക്കുമിടയിൽ സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകും.

ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, തങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. ശിവസേനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് കോൺഗ്രസോ എൻസിപിയോ കത്ത് നൽകിയിട്ടില്ല. കത്ത് നൽകിയെന്ന വാർത്തകൾ ഇരു പാർട്ടി നേതൃത്വവും നിഷേധിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു.

Read Also: അയോധ്യ ക്ഷേത്ര നിർമാണം: യോഗി ആദിത്യനാഥിനെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook