മുംബൈ: വ്യത്യസ്ത മത ജാതി വ്യവസ്ഥകളിൽ പെട്ടവർ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനു പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനൊരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. വിവിധ മത-ജാതികള്‍ പരസ്പരം വിവാഹം കഴിക്കുമ്പോള്‍ നടക്കുന്ന ദുരഭിമാനക്കൊലയും ,സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെടലുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പുതിയ നിയമം സഹായകമായേക്കും. മഹാരാഷ്ട്ര സ്റ്റേറ്റ് സാമൂഹ്യ നീതി മന്ത്രിയായ രാജ്കുമാര്‍ ബഡോലെ ആണ് വാര്‍ത്ത‍ എജൻസിയായ പിടിഐയോട് ഇക്കാര്യം പങ്കുവച്ചത്.

“മിശ്രവിവാഹം ചെയ്യുന്ന ദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍നിന്നു എത്രമാത്രം ഇവര്‍ക്ക് സംരക്ഷണം നൽകാന്‍ സാധിക്കും എന്നതാണ് പ്രധാനമായും നിയമം ലക്ഷ്യം വയ്ക്കുന്നത്”അദ്ദേഹം പറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ(NCRB) പ്രകാരം ദുരഭിമാനക്കൊലകളില്‍ രാജ്യത്ത് നാലാമതാണ് മഹാരാഷ്ട്ര. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌ ബ്യുറോയുടെ ‘2016 ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ സ്ഥിതി വിവരക്കണക്കനുസരിച്ച്’, റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന 69 കേസുകളില്‍ എട്ടു പേർ, ദുരഭിമാനത്തിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നു. കൂടാതെ വിവാഹിതരില്‍ ഒരാള്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളും, മറ്റെയാള്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടയാളുമാണെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാറില്ല.

“മിശ്രവിവാഹം ചെയ്യുന്ന ദമ്പതികളുടെ കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഗവൺമെന്റ് ആസൂത്രണം ചെയ്യുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമേ അവരുടെ കുട്ടികള്‍ക്ക് പ്രത്യേക ഫീസിളവുകളും ഗവൺമെന്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു’ .

മിശ്രവിവാഹം ചെയ്യുന്നവര്‍ക്കായി സ്‌പെഷല്‍ മാര്യേജ് ആക്റ്റ് നിലവിലുണ്ടെങ്കിലും അതിലൊരുപാട് പോരായ്മകളുണ്ട്. മുസ്‌ലിം വിഭാഗത്തിലെ നിയമപാലകരുമായി സംസാരിച്ചു പുതിയ നിയമം ശരിയത്ത് നിയമത്തില്‍ ഇടപെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലവ് ജിഹാദിന്‍റെ പേരില്‍ മുസ്‌ലിമുകളെ കൊന്നൊടുക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി സർക്കാരിന്‍റെ പെട്ടെന്നുള്ള ഈ ഐക്യപ്പെടലിന്റെ കാരണം ദൂരൂഹമാണ്. മിശ്രവിവാഹങ്ങള്‍ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികളുണ്ടെങ്കിലും അവ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഡല്‍ഹിയിലുള്ള അംബേദ്‌കര്‍ ഫൗണ്ടേഷന്‍ വ്യത്യസ്ത മത ജാതികളില്‍പ്പെട്ടവര്‍ തമ്മില്‍ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് രണ്ടര ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഇത്തരത്തില്‍ മിശ്രവിവാഹം ചെയ്യുന്ന ദമ്പതികള്‍ക്ക് പുതിയൊരു ജീവിതത്തിനായി ധനസഹായം നൽകുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.”

മിശ്രവിവാഹം ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി കിട്ടുന്ന പരാതികളറിയാന്‍ എല്ലാ ജില്ലയിലെയും പൊലീസ് സുപ്രണ്ടുമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്നു സംസ്ഥാനത്തെ വിവാഹ നിയമ കമ്മിറ്റി ചെയര്‍മാനായ സി.എസ്.തുള്‍ അറിയിച്ചു. “ഭാവിയില്‍ കൂടുതല്‍ പേര്‍ക്ക് ധൈര്യം നല്‍കുന്നതിനു വേണ്ടി മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് ഇപ്പോഴേ സുരക്ഷ നല്‍കേണ്ടത് ആവശ്യമാണ്” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ