മുംബൈ : വിവിധ രാഷ്ട്രീയപാര്‍ട്ടികളാണ് ആസാദ് മൈതാനത്തില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയത്. ഐക്യദാര്‍ഢ്യവുമായ് വരുന്ന ആരെയും സ്വാഗതം ചെയ്യും എന്ന കിസാന്‍ സഭയുടെ നിലപാടിന് പിന്നാലെയായിരുന്നു ഇത്. ഐക്യദാര്‍ഢ്യവുമായ് എത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായത്‌ കോണ്‍ഗ്രസ് പ്രദേശ്‌ അദ്ധ്യക്ഷന്‍ അശോക്‌ ചവാനാണ്

കര്‍ഷക സഖാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ കര്‍ഷകരെ അഭിസംബോധന ചെയ്തത് ലാല്‍സലാം വിളികളോടെയാണ്. മുപ്പതിനായിരത്തോളം കര്‍ഷക സഖാക്കള്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു.

മുംബൈയിലെ കർഷകരെ അഭിസംബോധന ചെയ്ത് അശോക് ചവാന്റെ പ്രസംഗം

“കര്‍ഷകരുടെ കണ്ണീരിനും വേദനയ്ക്കുമോപ്പം ഞങ്ങളുണ്ട് എന്ന ഉറപ്പ് നല്‍കാന്‍ കൂടിയാണ് ഞാന്‍ സമരപ്പന്തലില്‍ എത്തിയത് ” പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ പറഞ്ഞതായ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശ്, മുംബൈ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ സഞ്ജയ്‌ നിരൂപം എന്നിവരോടൊപ്പമാണ് അശോക്‌ ചവാന്‍ എത്തിയത്. ബിജെപിക്കെതിരായ് കോണ്‍ഗ്രസിനൊപ്പം സഖ്യം ചേരണോ എന്ന ചോദ്യത്തില്‍ സിപിഎം രണ്ടുതട്ടില്‍ നില്‍ക്കവെയാണ് കിസാന്‍സഭ വേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിന്റെ ലാല്‍ സലാം വിളിയും ഐക്യപ്പെടലും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ