ഭിവാന്‍ഡി: പൊതുനിരത്തില്‍ മുട്ടിലിരുന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്ത മുസ്ലിം യുവാവിനും യുവതിക്കും സദാചാര ഗുണ്ടകളുടെ ഭീഷണി. ഇരുവരും മതാചാരങ്ങള്‍ ലംഘിച്ചെന്നും ഇതിന് കൂട്ടുനിന്ന എല്ലാവരേയും ശിക്ഷിക്കുമെന്നും വരുന്ന ഭീഷണിയോടെയാണ് സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടത്.

സദാചാര വാദികളായ സമുദായ നേതാക്കള്‍ കാര്യങ്ങള്‍ ഏറ്റെടുത്തതോടെ യുവാവ് മാപ്പു പറയാന്‍ നിര്‍ബന്ധിതനായി. വീഡിയോ തെറ്റായ അടിക്കുറിപ്പോടേയും ഭീഷണിയോടേയും പ്രചരിച്ചതോടെ യുവാവ് പരസ്യമായി മാപ്പു പറഞ്ഞ് രംഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് യുവാവ് മാപ്പു പറഞ്ഞത്.
മാര്‍ച്ച് 11 നായിരുന്നു യുവാവ് സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടിയെ കാണാനെത്തിയത്.

യുവതിയെ റോഡില്‍വെച്ചു തന്നെ കണ്ട യുവാവ് റോഡിന് നടുവില്‍ നിന്ന് തന്റെ കയ്യിലെ റോസപ്പൂവെടുത്ത് മുട്ടുകുത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അതിന് ശേഷം ആലിംഗനവും ചെയ്തു. വിവാഹാഭ്യര്‍ത്ഥന ചുറ്റുമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആഹ്‌ളാദാരവത്തോടെയാണ് ഏറ്റെടുത്തതും. എന്നാല്‍ ഇവരുടെ പ്രവൃത്തി സദാചാരവാദികള്‍ സോഷ്യല്‍മീഡിയയില്‍ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ക്ഷമാപണം നടത്തി യുവാവ് രംഗത്തെത്തിയത്.

അതേസമയം താനെ പോലീസിന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി കിട്ടിയിട്ടുണ്ട്. കുടുംബത്തെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തിയത് ആരായാലും അവര്‍ക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ