ന്യൂഡൽഹി: മഹാരാഷ്ട്ര കേസിൽ വാദം പൂർത്തിയായി. ബിജെപി-എൻസിപി സഖ്യ സർക്കാർ നിലവിൽ വന്നതിനെതിരെ ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജികളിൽ നാളെ 10.30 ന് സുപ്രീം കോടതി വിധി പറയും. മഹാരാഷ്ട്രയിൽ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ശിവസേന-എൻസിപി-കോൺഗ്രസ് പാർട്ടികൾ പരമോന്നത കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ച് വാദം പൂർത്തിയാക്കി ഉത്തരവ് പറയാൻ നാളത്തേക്ക് മാറ്റുകയായിരുന്നു.
സർക്കാർ രൂപീകരിക്കാൻ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു. അജിത് പവാറിന്റെ കത്ത് ബിജെപിക്ക് പിന്തുണ നൽകിക്കൊണ്ടുള്ളതല്ലെന്നും കപിൽ സിബൽ വാദിച്ചു. രാഷ്ട്രപതി ഭരണം പിൻവലിക്കാൻ എന്ത് അടിയന്തര സാചര്യമാണ് ഉണ്ടായതെന്ന് ചോദിച്ച കപിൽ സിബൽ ശിവസേനയ്ക്ക് ബിജെപി നൽകിയ വാക്ക് പാലിച്ചില്ലെന്നും കോടതിയിൽ പറഞ്ഞു. രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
54 പേരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നൽകിയ കത്ത് തുഷാര്‍ മേത്ത സുപ്രീം കോടതിയിൽ വായിച്ചു. തന്നെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട് എന്ന അജിത് പവാറിന്റെ അവകാശവാദവും കത്തിലുണ്ട്. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. കത്ത് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കുന്നതാണെന്നും ഞാനാണ് എൻസിപി. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്ത് നൽകിയതെന്നും അജിത് പവാര്‍ കോടതിയെ അറിയിച്ചു.
കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യത്തിന്റെ ഹർജികൾ പരിഗണിക്കാൻ ഞായറാഴ്ചയായ ഇന്നലെ കോടതി തുറന്നിരുന്നു. പിന്തുണ സംബന്ധിച്ച രേഖകളുടെ പിൻബലമില്ലാതെയാണു ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചതെന്നായിരുന്നു ത്രികക്ഷികളുടെ ആരോപണം. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക, ത്രികക്ഷി സഖ്യത്തെ ക്ഷണിക്കാൻ ഗവർണറോടു നിർദേശിക്കുക എന്നിവയായിരുന്നു ഹർജിയിലെ ആവശ്യം.
ഹർജികൾ പരിഗണിച്ച കോടതി സർക്കാർ രൂപീകരിക്കാൻ ഫഡ്നാവിസിനെ ക്ഷണിച്ച ഗവർണറുടെ കത്തും, പിന്തുണ സംബന്ധിച്ച് ഫഡ്നാവിസ് ഗവർണർക്കു നൽകിയ കത്തുകളും ഹാജരാക്കാൻ നിർദശിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
105 എംഎൽഎമാരുള്ള ഏറ്റവും വലിയ ഒറ്റ പാർട്ടിയായ ബിജെപിക്ക് 288 അംഗ സംസ്ഥാന നിയമസഭയിൽ 145 എംഎൽഎമാരുടെ ഭൂരിപക്ഷം നേടാൻ 40 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്.