മുംബൈ: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്തെ എല്ലാ മുനിസിപ്പൽ പ്രദേശങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മഹാരാഷ്ട്ര സർക്കാർ. ബ്രിട്ടണിൽ പുതിയ തരം കൊറോണ വൈറസ് ബാധ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് നൈറ്റ് കർഫ്യൂ. ജനുവരി 5 വരെ കർഫ്യൂ തുടരും.

പൂർണമായല്ലെങ്കിലും കൊറോണ വൈറസ് സ്ഥിതി നിയന്ത്രണത്തിലായതിനാൽ രാത്രി കർഫ്യൂവിലേക്കോ അല്ലെങ്കിൽ മറ്റൊരു ലോക്ക്ഡൗണിലേക്കോ പോവാൻ ഉദ്ദേശിക്കുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാൽ തിങ്കളാഴ്ച സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായും പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

Read More: കോവിഡിന്റെ പുതിയ വക ഭേദം: യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കും

യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ പുനരാരംഭിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം യാത്രക്കാർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരും.

“വൈറസിന്റെ ഈ പുതിയ പ്രശ്നം കാരണം, ഞങ്ങൾ ഈ മുൻകരുതലുകൾ നടപ്പാക്കുകയാണ്. വരുന്ന 15 ദിവസത്തേക്ക് ഞങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം,” മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉദ്ദവ് താക്കറെ പറഞ്ഞു.

കൊറോണ വൈറസിനെതിരായ വാക്സിൻ ലഭ്യമായാലും ചുരുങ്ങിയത് അടുത്ത ആറുമാസമെങ്കിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിവാഹങ്ങൾ പോലുള്ള വലിയ കൂടിച്ചേരലുകളിൽ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook