scorecardresearch
Latest News

മഹാരാഷ്ട്ര ലോക്ക്ഡൗൺ: ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടി തൊഴിലാളികൾ

“ഞങ്ങൾക്ക് എന്തുചെയ്യാനാകും? ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, ഞങ്ങൾക്ക് പോകണം. ഞങ്ങൾക്ക് ഗ്രാമത്തിൽ ജോലി തിരികെ ലഭിക്കുമോ എന്നറിയില്ല,” തൊഴിലാളികൾ പറഞ്ഞു

മഹാരാഷ്ട്ര ലോക്ക്ഡൗൺ: ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ റെയിൽവേ സ്റ്റേഷനുകളിൽ കഴിച്ചുകൂട്ടി തൊഴിലാളികൾ

മഹാരാഷ്ട്രയിൽ പുതിയ കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി ഏപ്രിൽ 30 വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചത് നഗരത്തിലെ ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. മുംബൈയിലെ ലോക്മന്യ തിലക് ടെർമിനസ് (എൽടിടി), ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) റെയിൽവേ സ്റ്റേഷനുകളിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന തൊഴിലാളികളുടെ നീണ്ട ക്യൂകൾ ദൃശ്യമാണ്.

“യുപിയിലേക്കും ബീഹാറിലേക്കും മടങ്ങാൻ ശ്രമിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് നിരവധി അന്വേഷണങ്ങൾ വന്നിട്ടുണ്ട്. ടിക്കറ്റുകൾ റിസർവ് ചെയ്യാൻ ഞാൻ അവരോട് പറഞ്ഞു,” എൽടിടിയിലെ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More: മാസ്‌ക് ശരിയായി ധരിച്ചില്ല; ഓട്ടോ ഡ്രൈവറെ തല്ലിച്ചതച്ച് പൊലീസ്

“ഞാൻ മുഹമ്മദ് അലി റോഡിൽ ലെമൺ ജ്യൂസ് വിറ്റു ജീവിക്കുകയാണ്. ഞാൻ 15 വർഷമായി മുംബൈയിലാണ്. എനിക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഞാൻ ഭവനരഹിതനാണ്, തെരുവിൽ താമസിച്ചു. ഇപ്പോൾ എനിക്ക് വരുമാന മാർഗ്ഗമില്ല. വീട്ടിലേക്ക് മടങ്ങുമ്പോൾ എനിക്ക് ജോലിയില്ല, പക്ഷേ കുറഞ്ഞത് ദിവസത്തിൽ രണ്ടുതവണ ഭക്ഷണം ലഭിക്കും. ഇവിടെ ഞാൻ വിശന്നു മരിക്കും. ടിക്കറ്റില്ലെന്ന് അവർ പറയുന്നു. ടിക്കറ്റില്ലാതെ ഞാൻ പോയി ടിക്കറ്റ് ചെക്കർ എന്നെ പിടിച്ചാൽ പിഴ ഈടാക്കും,” ചൊവ്വാഴ്ച ഉച്ചയ്ക്ക് എൽ‌ടി‌ടിയിൽ ടിക്കറ്റിനായി ക്യൂ നിൽക്കവേ ലഖ്‌നൗവിൽ നിന്നുള്ള 30 കാരനായ നിയാസ് അഹമ്മദ് പറഞ്ഞു.

മധ്യപ്രദേശിലെ സത്‌നയിൽനിന്നുള്ള സൂരജ് യാദവ് (22), കൃഷ്ണ കുമാർ നംദേവ് (33) എന്നിവരും നിയാസിനെപ്പോലെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായാണ് റിസർവേഷൻ കണ്ടറിലെത്തിയത്. ടിക്കറ്റൊന്നും ലഭ്യമല്ലാത്തതിനാൽ അവർ പ്ലാറ്റ്ഫോമിൽ ഉറങ്ങാൻ തീരുമാനിച്ചു.

Read More: കോവിഡ് രണ്ടാം തരംഗം: അടുത്ത നാലാഴ്ച നിർണായകമെന്ന് കേന്ദ്രം, മഹാരാഷ്ട്രയിൽ വാക്സിൻ ക്ഷാമം

“ഞങ്ങൾ നെരുലിലെ ഒരു ചെറിയ ഹോട്ടലിൽ ജോലി ചെയ്തു. ഞങ്ങൾക്ക് പണം നൽകില്ലെന്നും ഞങ്ങളുടെ ഭക്ഷണം നൽകുമെന്നും ഉടമ പറഞ്ഞു. ഞങ്ങൾക്ക് എന്തുചെയ്യാനാകും സർ? ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല, ഞങ്ങൾക്ക് പോകണം. ഞങ്ങൾക്ക് ഗ്രാമത്തിൽ ജോലി തിരികെ ലഭിക്കുമോ എന്നറിയില്ല, പക്ഷേ കൃഷി പോലുള്ള എന്തെങ്കിലും ചെയ്യേണ്ടിവരും,” യാദവ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി സി‌എസ്‌എം‌ടിയിൽ, ടിക്കറ്റ് കൗണ്ടർ അടച്ചത് ബീഹാറിൽ നിന്നുള്ള ഒരു കൂട്ടം കാറ്ററിങ് തൊഴിലാളികൾക്ക് പ്രതിസന്ധിയായി. അടുത്ത ദിവസം കൗണ്ടർ തുറക്കുന്നതുവരെ അവർക്ക് രാത്രി സ്റ്റേഷനിൽ ചെലവഴിക്കേണ്ടിവരും.

“ഞങ്ങൾ ഹോട്ടലുകളിലും സി‌എസ്‌എം‌ടിയിൽ കാറ്ററിംഗ് സർവീസിലും ജോലി ചെയ്യുന്നു. ഞങ്ങളുടെ ബോസ് ഞങ്ങളിൽ 60 പേരോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇനി ഞങ്ങൾ എന്തുചെയ്യും? ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ കഴിയില്ല. ഞാൻ ജനറൽ കമ്പാർട്ടുമെന്റിൽ പോകാൻ ശ്രമിക്കും,” കാറ്ററിങ് തൊഴിലാളികളിൽ ഒരാളായ 36 കാരനായ രാജേഷ് കുമാർ ദാസ് പറഞ്ഞു.

Read More: റിപ്പോ നിരക്കിൽ മാറ്റമില്ല; ആർബിഐ വായ്പാനയം പ്രഖ്യാപിച്ചു

അടുത്ത കുറച്ച് ദിവസത്തേക്ക് ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകൾ പൂർണമായി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര റെയിൽ‌വേ ഉദ്യോഗസ്ഥർ അറിയിച്ചത്.

“കോവിഡ് -19 കണക്കിലെടുത്ത്, സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ ഞങ്ങൾ യാത്ര ചെയ്യാൻ അനുവദിച്ചിട്ടുള്ളൂ. ട്രെയിൻ സർവീസുകൾ ക്രമേണ പുനഃസ്ഥാപിക്കുന്നതിന്റെ ഒരു ഭാഗമായി മാത്രമാണ് ചില സ്ഥലങ്ങളിൽ അധിക ട്രെയിനുകൾ പ്രഖ്യാപിക്കുന്നത്. ഊഹാപോഹങ്ങൾ ഒഴിവാക്കാനും പരിഭ്രാന്തരാകാതിരിക്കാനും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതാർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Maharashtra lockdown trains fully booked migrant workers mumbai wait ride home

Best of Express