മുംബൈ: മഴയുടെ തീവ്രത കുറയുന്നുണ്ടെങ്കിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ വെളളപ്പൊക്കം തുടരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സാംഗ്‌ലി, കോൽഹപൂർ എന്നിവിടങ്ങളിലെ വെളളപ്പൊക്ക മേഖലകളിൽ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൃഷ്ണ, പഞ്ചഗംഗ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് ഈ പ്രദേശങ്ങൾ വെളളപ്പൊക്കത്തിലായത്.

Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; റെഡ് അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍

സാംഗ്‌ലി ജില്ലയിൽ വ്യാഴാഴ്ച ബോട്ട് മറിഞ്ഞ് ഒമ്പത് പേർ മുങ്ങിമരിച്ചു. അഞ്ചുപേരെ കാണാതായെന്ന് പൂനെ ഡിവിഷണൽ കമ്മിഷണർ ദീപക് മായ്ശേഖർ പറഞ്ഞു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ്. 32 ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 19 പേർ നീന്തി രക്ഷപ്പെട്ടു. ബോട്ടിൽ അമിതമായി യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

പൂനെ, സതാര, സോലാപൂർ, സാംഗ്‌ലി, കോൽഹപർ എന്നീ ജില്ലകളിലായി ഏകദേശം 1.2 ലക്ഷംപേരെ മാറ്റിപാർപ്പിച്ചു. ഇവിടങ്ങളിൽ 16 പേർ മഴക്കെടുതിയിൽ മരിച്ചു. കോൽഹപൂരിലും സാംഗ്‌ലിയിലുമാണ് വെളളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഈ രണ്ടു ജില്ലകളും ഒറ്റപ്പെട്ട അവസ്ഥലയിലാണ്. 50,000 ത്തോളം പേർ ഇപ്പോഴും ഈ ജില്ലകളിൽ അകപ്പെട്ടു കിടക്കുകയാണെന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞത്.

karnataka floods, rain, ie malayalam

കോൽഹപൂരിലെ മുംബൈ-ബെംഗളൂരു ദേശീയപാത വെളളത്താൽ മൂടപ്പെട്ട നിലയിൽ. ഫോട്ടോ: ആശിഷ് കാലെ

കോൽഹപൂർ നഗരത്തിലെ റോഡുകളെല്ലാം വെളളത്താൽ മൂടിയ നിലയിലാണ്. നഗരത്തിലെ ഹോട്ടലുകളുടെയും വൻനില കെട്ടിടങ്ങളുടെയും മുകൾ ഭാഗം മാത്രമാണ് കാണാനാവുക. കാരദിനും കോൽഹപൂരിനും ഇടയിലൂടെ കടന്നുപോകുന്ന മുംബൈ-ബെംഗളൂരു ഹൈവേ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. റോഡിൽനിന്നും വെളളം ഇറങ്ങിയശേഷം പിഡബ്ള്യുഡി അധികൃതർ പരിശോധന നടത്തിയശേഷമേ റോഡ് തുറക്കൂവെന്നാണ് പൊലീസ് പറയുന്നത്. ജില്ലയിലേക്കുളള ട്രെക്കുകളെല്ലാം സതാര ജില്ലയ്ക്ക് സമീപത്തുളള ദേശീയപാതയോരത്ത് തടഞ്ഞിരിക്കുകയാണ്.

truck, rain, ie malayalam

ഫോട്ടോ: അരുൾ ഹൊറിസൺ

കർണാടകയിൽ കനത്ത മഴ തുടരുകയാണ്. 15 ലധികം ജില്ലകൾ വെളളപ്പൊക്കത്തിലാണ്. മഴക്കെടുതിയിൽ ഒൻപതിലധികം പേർ മരിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുന്നതാണ് കർണാടകയിൽ വെളളപ്പൊക്കത്തിന് ഇടയായത്. ബെലാഗാവി, ബഗൽകോട്ട്, വിജയപുര, റായ്പൂർ ജില്ലകളിൽ വെളളപ്പൊക്കം രൂക്ഷമാണ്.

കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ബാഗൽകോട്ടിൽ വെളളപ്പൊക്ക ബാധിത മേഖലകളിൽ വ്യോമനിരീക്ഷണം നടത്തി. കൊടക്, കൂർഗ് എന്നിവിടങ്ങളും വെളളപ്പൊക്കത്തിലാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. റോഡ്-ട്രെയിൻ ഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു.

അടുത്ത ഏതാനും ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് ബെംഗളൂരുവിൽ ജാഗ്രത നിർദേശം നൽകി. 63 കൺട്രോൾ റൂമുകളും രക്ഷാപ്രവർത്തനത്തിനായി 24 ടീമിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook