മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിൽ അജിത് പവാർ ഉപമുഖ്യമന്ത്രി സഥാനം രാജിവച്ചു. സംസ്ഥാന നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകമാണ് രാജി പ്രഖ്യാപനം. അജിത് പവാറിനോട് രാജിവയ്ക്കാൻ ഫഡ്നാവിസ് തന്നെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി മൂന്നംഗ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പറഞ്ഞ സുപ്രീം കോടതി രഹസ്യ ബാലറ്റ് വേണ്ടെന്നും പ്രൊടേം സ്‌പീക്കർ നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

Read More: മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ ഞങ്ങൾ ജയിക്കും: സോണിയ ഗാന്ധി

ഫലത്തിൽ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീം കോടതി വിധി. ഭൂരിപക്ഷം തെളിയിക്കാൻ അധികസമയം വേണമെന്ന ബിജെപി വാദം സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ബിജെപി കോടതിയിൽ ആവശ്യപ്പെട്ടത്.

മഹാസഖ്യത്തിന് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി വിധി. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ലെന്നും കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഉടൻ തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ് മഹാസഖ്യം ആവശ്യപ്പെട്ടത്. ഞായറാഴ്‌ചയാണ് കേസിൽ വാദം തുടങ്ങിയത്. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട സുപ്രീം കോടതി കേസിൽ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എംഎൽഎമാരെ അണിനിരത്തി മഹാസഖ്യം കഴിഞ്ഞ ദിവസം മുംബൈയിൽ ശക്തിപ്രകടനം നടത്തിയിരുന്നു. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാര്‍ സംഘടിച്ച് ശക്തിപ്രകടനം നടത്തിയത്. 162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. ഹയാത്ത് ഹോട്ടലില്‍ 162 പേര്‍ എത്തിയതായി മഹാസഖ്യം അവകാശപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook