ന്യൂഡൽഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചു. വൈകിട്ട് അഞ്ച് മണിവരെ മഹാരാഷ്ട്രയില്‍ 54.53 ശതമാനം പോളിങ് രേഖപ്പെടുത്തി. ഹരിയാനയില്‍ 57 ശതമാനം പോളിങ് ആണ് അഞ്ച് മണിവരെ രേഖപ്പെടുത്തിയത്.ഒക്ടോബര്‍ 24 ന് ഫലം പ്രഖ്യാപിക്കും.
മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ദേവേന്ദ്ര ഫഡ്നാവിസിന്റേ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. സതാര ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നു.
ഭരണകക്ഷിയായ ബിജെപി “ദേശീയ ഏകീകരണം” ഒരു വോട്ടെടുപ്പ് പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്. മഹാരാഷ്ട്രയെ വരൾച്ചയില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കുമെന്നും ജനങ്ങൾക്ക് ബിജെപി വാഗ്ദാനം നൽകുന്നുണ്ട്. ഹിന്ദുത്വ ഐക്കൺ വിനായക് ദാമോദർ സവർക്കറിനായി ഭാരത് രത്‌നയും ബിജെപിയുടെ സംസ്ഥാന യൂണിറ്റ് ആവശ്യപ്പെടുന്നുണ്ട്.
രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന ഹരിയാനയിൽ നിയമസഭാ മണ്ഡലത്തിലും കൃത്യം ഏഴ് മണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഹരിയാനയിലുടനീളമുള്ള 1.8 കോടി വോട്ടർമാർ സംസ്ഥാന നിയമസഭയിലേക്ക് 90 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ഇന്ന് മഹാരാഷ്ട്രയിൽ വോട്ട് രേഖപ്പെടുത്തിയ ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്, താൻ നോട്ടയിൽ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. വോട്ടിംഗ് ദേശീയ കടമയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം 100 ശതമാനം വോട്ടിംഗ് നടത്തണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. ബിജെപി ഉന്നയിച്ച ദേശീയ പ്രശ്‌നങ്ങളോട് ആളുകൾ ക്രിയാത്മകമായി പ്രതികരിക്കുമോയെന്ന ചോദ്യത്തിന് “മൂന്ന് നാല് ദിവസത്തിനുള്ളിൽ നിങ്ങൾ അറിയും. പ്രശ്നങ്ങൾ മനസിലാക്കി വോട്ട് ചെയ്യുക, വ്യക്തിയെയോ ചുറ്റുപാടിനേയോ നോക്കരുത്,” എന്ന് മോഹൻ ഭാഗവത് പറഞ്ഞു.