മുംബൈ: കഴിഞ്ഞ വർഷം ഏപ്രിലിലാണ് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ ദിവസ വേതന തൊഴിലാളിയായ നാഗേഷ് വിശ്വാസ് ഉണ്ടെ കോവിഡ് ബാധിച്ച് മരിച്ചത്. കുടുംബത്തിലെ ഏക വരുമാന മാര്‍ഗമായിരുന്നു നാഗേഷ്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതയായി നാഗേഷിന്റെ ഭാര്യ.
“ഞാന്‍ രണ്ടാം വര്‍ഷ ബികോ വിദ്യാര്‍ഥിയാണ്, പതിനാറുകാരിയായ എന്റെ സഹോദരി പത്താം ക്ലാസില്‍ പഠിക്കുന്നു. ഞങ്ങളുടെ അച്ഛന് നല്ല വിദ്യാഭ്യാസം നേടാനായിരുന്നില്ല. പക്ഷെ ഞങ്ങള്‍ പഠിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ മരണത്തിന് ശേഷം ജോലിക്ക് പോകാന്‍ അമ്മ നിര്‍ബന്ധിതയായി,” നാഗേഷിന്റെ മകന്‍ രോഹന്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ പത്തില്‍ ഒന്‍പത് കുട്ടികള്‍ക്കും അവരുടെ പിതാവിനെ കോവിഡ് മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വനിതാ ശിശു വികസന (ഡബ്ല്യുസിഡി) ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
2020 മുതലുള്ള കാലയളവില്‍ 28,938 കുട്ടികള്‍ക്കാണ് മാതാപിതാക്കളില്‍ ഒരാളെ കോവിഡ് മൂലം നഷ്ടമായത്. ഇതില്‍ അച്ഛന്‍ മരണപ്പെട്ട കുട്ടികളുടെ എണ്ണം 25,883 ആണ്. അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 2,919.
2020 മാര്‍ച്ച് മുതല്‍ 2021 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മഹാരാഷ്ട്രയില്‍ 1.39 ലക്ഷം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 66.3 ശതമാനവും (92,212) പുരുഷന്മാരാണ്. 33.6 ശതമാനം (46,779) സ്ത്രീകളും മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്, 1.48 ലക്ഷം.
മഹാമാരിയുടെ തുടക്കം മുതല്‍ 851 കുട്ടികള്‍ക്കാണ് അച്ഛനേയും അമ്മയേയും നഷ്ടമായത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. കുട്ടികളുടേ പേരില്‍ ഫിക്ക്സഡ് ഡെപ്പോസിറ്റായാണ് ഈ തുക നിക്ഷേപിക്കുന്നത്. പ്രതിമാസം ചിലവുകള്‍ക്കായി 1,125 രൂപയും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സ്കീമില്‍ നിന്ന് 10 ലക്ഷം രൂപയും കിട്ടും. കുട്ടിക്ക് 23 വയസ് തികയുമ്പോഴായിരിക്കും ഈ പണം ലഭ്യമാകുക.