മുംബൈ: വിദ്യാഭ്യാസമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് നിയമംകൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കാര്യ മന്ത്രി നവാബ് മാലിക് നിയമസഭയില്‍ പറഞ്ഞു.
”മുസ്ലിങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2014ല്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരും,” കോണ്‍ഗ്രസ് അംഗം ശരദ് റാണ്‍പൈസിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാനത്തിലാണു നിയമം കൊണ്ടുവരുന്നതെന്നും ഇതു കോടതിയില്‍ നിലനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ” ജൂണില്‍ സ്‌കൂള്‍ പ്രവേശനം ആരംഭിക്കുന്നതിനു മുന്‍പ് നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും,” മന്ത്രി പറഞ്ഞു.
Read Also: കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു; ദേവനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു
2014 ജൂലൈയില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലൂടെ മുസ്ലിങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ചിലര്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2014 നവംബറില്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതു കോടതി ശരിവച്ചു. എന്നാല്‍ സര്‍ക്കാര്‍ ജോലിയിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം കോടതി സ്‌റ്റേ ചെയ്തു.
”സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് 2014 ജൂലൈയില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കാത്തതിനാല്‍ നവംബറില്‍ അസാധുവായി. പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കു നല്‍കിയ സംവരണം ഒക്‌ടോബറില്‍ അധികാരത്തില്‍ വന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ റദ്ദാക്കി. വിവിധ ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി,” മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.