മുംബൈ: കൊറോണ വൈറസ് (കോവിഡ്-19) കേസുകൾ മഹാരാഷ്ട്രയിൽ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. വീട്ടിൽ 14 ദിവസത്തേക്ക് ക്വാറന്റീൻ (നിർബന്ധിത നിരീക്ഷണം) നിർദേശിച്ചവരെ തിരിച്ചറിയാൻ കൈയ്യിൽ മുദ്ര കുത്തി തുടങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരുടെ വിരലുകളിൽ പുരട്ടുന്ന അതേ മഷി ഉപയോഗിച്ചാണ് കൈപ്പത്തിയുടെ പുറംഭാഗത്ത് മുദ്ര കുത്തുന്നത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ക്വാറന്റീൻ നിർദേശിച്ചവരിൽ സ്വയം ഉത്തരവാദിത്തബോധം ഉണർത്താനാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ”ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചവർക്ക് ആശുപത്രിയിലോ ഹോട്ടലുകളിലോ കഴിയാൻ താൽപര്യമില്ല. അവർക്ക് വീട്ടിൽ പോകാനാണ് താൽപര്യം. ഇത്തരം ആളുകൾക്ക് ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണം. അവർ പുറത്ത് ചുറ്റിക്കറങ്ങാൻ പാടില്ല. അവർ ക്വാറന്റീൻ കർശനമായി പാലിക്കണം” താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിദേശയാത്ര ചെയ്തിട്ടുളളവർക്കും അല്ലെങ്കിൽ വിദേശ യാത്ര നടത്തിയവരുമായി സമ്പർക്കം പുലർത്തിയവർക്കുമാണ് നിർബന്ധിത നിരീക്ഷണം നിർദേശിച്ചിട്ടുളളത്. 39 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. വിവിധ ആശുപത്രികളിലായി 108 പേരും വീട്ടിൽ 621 പേരും നിരീക്ഷണത്തിലാണന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചവരുടെ കൈപ്പത്തിയിലാണ് തിരഞ്ഞെടുപ്പ് സമയത്തെപ്പോലെ മുദ്ര കുത്തുക. അവരുടെ നിരീക്ഷണ തീയതി ഏതുവരെയാണെന്നും അടയാളപ്പെടുത്തും. വീട്ടിൽനിന്നും പുറത്തിറങ്ങിയാൽ ഇവരെ മറ്റുളളവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Read Also: കോവിഡ് 19: ഇന്ത്യയിൽ മരണം മൂന്നായി; 125 പേർക്ക് രോഗം സ്ഥിരീകരിച്ചു

നിർബന്ധിത നിരീക്ഷണത്തിൽ കഴിയുന്നവരുടെ മനസിൽ എന്തോ ചില കാരണങ്ങളാൽ ഭയം നിറഞ്ഞിട്ടുണ്ട്. അവരെ ബോധവൽകരിക്കുക മാത്രമല്ല, അവർക്ക് ഭക്ഷണവും വിനോദത്തിനായി ടിവി, ന്യൂസ് പേപ്പർ അടക്കമുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവയ്ക്കാനും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളെല്ലാം മാർച്ച് 31 വരെ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി താക്കറെ പറഞ്ഞു. എന്നാൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ നേരത്തെ തീരുമാനിച്ച തീയതികളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നഗരങ്ങളിലെ സ്കൂളുകൾ നേരത്തെ തന്നെ അടച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook