മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി അറിയിച്ചതിനെ തുടര്‍ന്നാണിത്. അതേസമയം എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാതെ ശിവസേനയുമായി ചര്‍ച്ചയില്ലെന്ന് എന്‍സിപി പറഞ്ഞു.

കേന്ദ്രമന്ത്രിസ്ഥാനവും രാജിവെയ്ക്കണമെന്ന് എന്‍സി.പ പറഞ്ഞു. ഗവര്‍ണറുടെ ക്ഷണത്തിന് പിന്നാലെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇന്നലെയായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചെന്നും സേനയ്ക്ക് കോണ്‍ഗ്രസും ബിജെപിയുമായി സഖ്യം രൂപീകരിക്കാമെന്നും ബിജെപി.

സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്നും കുത്തിയെന്നും ബിജെപി പറഞ്ഞു. ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു തീരുമാനം അറിയിച്ചത്. ശിവസേന പ്രവര്‍ത്തിക്കുന്നത് ജനഹിതത്തിന് എതിരെയാണെന്നും ബിജെപി പറഞ്ഞു.

നേരത്തെ, ബിജെപിയെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ കോളത്തില്‍ ”ഹിറ്റ്‌ലര്‍ മരിച്ചു, അടിമത്വം അപ്രതക്ഷ്യമായി” എന്നെഴുതിയിരുന്നു. ഹിറ്റ്‌ലര്‍ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റാവത്ത് നല്‍കിയ മറുപടി ഇന്ന് ആര്‍ക്കും ഞങ്ങളുടെ എംഎല്‍എമാര വാങ്ങാനോ തകര്‍ക്കാനോ കഴിയില്ല. അത്തരം ഡീലുകള്‍ ഇനി മഹാരാഷ്ട്രയില്‍ നടക്കില്ലെന്നായിരുന്നു.

അതേസമയം, കോണ്‍ഗ്രസിനെ റാവത്ത് പ്രശംസിച്ചു. ”ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി ചിലകാര്യങ്ങളില്‍ വിയോജിപ്പുണ്ട്. ചിലതില്‍ ഞങ്ങള്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ഞങ്ങളുടെ ശത്രുക്കളല്ല. കോണ്‍ഗ്രസ് നേതാക്കാള്‍ ശിവസേനയ്ക്കു പിന്തുണ നല്‍കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അതിനെ ഹൃദയപൂര്‍വം സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook