മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടിയുമായി ശിവസേന. ഉദ്ധവ് താക്കറെ കള്ളം പറഞ്ഞെന്ന ഫഡ്‌നാവിസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ശിവസനേ രംഗത്തെത്തിയത്. നുണ പറയുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് താക്കറെ പറഞ്ഞു.

”വാക്കില്‍ നിന്നും പിന്മാറരുതെന്നാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചത്. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി നുണയനെന്ന് ചിത്രീകരിക്കപ്പെട്ട ആളെന്ന നിലയില്‍ വിഷമമുണ്ട്. ഫഡ്‌നാവിസും ഷായും എന്റെ അടുത്ത് വന്നതാണ്, ചര്‍ച്ചയ്ക്കിടെ അവര്‍ പറഞ്ഞത് സേനയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പദവി ലഭിക്കുമെന്നാണ്. ആ വാഗ്ദാനം തട്ടികളഞ്ഞ് ഞാന്‍ ഇറങ്ങിപ്പോവുകയായിരുന്നു” ഉദ്ധവ് താക്കറെ പറഞ്ഞു.

തൊട്ടടുത്ത ദിവസം അമിത് ഷാ തന്നെ വിളിച്ചിരുന്നുവെന്നും എന്താണ് എനിക്ക് വേണ്ടതെന്ന് ചോദിച്ചിരുന്നുവെന്നും അപ്പോള്‍ മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചാതാണെന്നും താക്കറെ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്ന വിവരം പുറത്താക്കരുതെന്ന് ഫഡ്‌നാവിസ് തന്നോട് പറഞ്ഞിരുന്നുവെന്നും താക്കറെ പറയുന്നു. ബിജെപിയുമായി കൈകോര്‍ത്തതില്‍ ഖേദിക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

”കേന്ദ്രത്തില്‍ ഞങ്ങള്‍ക്ക് നല്‍കിയത് ഞങ്ങള്‍ ആഗ്രഹിക്കാത്ത വകുപ്പാണ്. ബിജെപിയെ ഒരു ശത്രുവായി ഞാന്‍ കാണുന്നില്ല. പക്ഷെ അവര്‍ ഇത്രമാത്രം നുണ പറയരുത്. ഞാന്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചിട്ടില്ല. നിങ്ങള്‍ ഉദയന്‍ രാജെയെ പാര്‍ട്ടിയിലെടുത്തു. അദ്ദേഹം മോദിയെ കുറിച്ച് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നോക്കണം. രണ്ട് ഹിന്ദുത്വ പാര്‍ട്ടികള്‍ ഒരുമിച്ച് വരുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷെ അവരുടെ ഹൃദയം കറുത്തിരിക്കുകയാണ്. അവര്‍ക്കൊപ്പം കൈകോര്‍ത്തതില്‍ ഖേദിക്കുന്നു” താക്കറെ പറഞ്ഞു.

ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്ന ഫഡ്‌നാവിസിന്റെ വാക്കുകളില്‍ തനിക്ക് സംശയമുണ്ടെന്നും ബിജെപി 105 സീറ്റുകള്‍ കൊണ്ട് എങ്ങനെയാണ് ഭൂരിപക്ഷം തെളിയിക്കുകയെന്നും താക്കറെ ചോദിച്ചു. തന്നെ നുണയനായി ചിത്രീകരിച്ചവരോട് സംസാരിക്കില്ലെന്നും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കണമെന്നും പറഞ്ഞ താക്കറെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ തുറന്നു കിടക്കുന്നുണ്ടെന്നും വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook