മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനെ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ രംഗങ്ങള്‍ കൂടുതല്‍ നാടകീയമായി മാറിയിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാതെ തുടരുന്നതിനാല്‍ ബിജെപി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ശിവസേന തങ്ങള്‍ക്ക് ഒപ്പമില്ലെങ്കില്‍ ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാനാകില്ല. 145 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍ ബിജെപിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്ക് 56 സീറ്റും. ഫ്ഡനാവിസ് തന്നെ അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമെന്ന നിലാപാടാണ് ശിവസേനയെ ബിജെപിയ്‌ക്കെതിരെ തിരിച്ചത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് ശിവസേന പറയുന്നത്.

Read More: നുണയന്മാര്‍ക്കൊപ്പമില്ല, ബിജെപിയുമായി കൈകോര്‍ത്തതില്‍ ഖേദിക്കുന്നു: ഉദ്ധവ് താക്കറെ

നുണ പറയുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനില്ലെന്നും തങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികള്‍ തുറന്നു കിടക്കുകയാണെന്നും ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ സമ്മതിച്ചാതാണെന്നും താക്കറെ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്ന വിവരം പുറത്താക്കരുതെന്ന് ഫഡ്നാവിസ് തന്നോട് പറഞ്ഞിരുന്നുവെന്നും താക്കറെ പറഞ്ഞു. ബിജെപിയുമായി കൈകോര്‍ത്തതില്‍ ഖേദിക്കുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുമെന്ന ഫഡ്നാവിസിന്റെ വാക്കുകളില്‍ തനിക്ക് സംശയമുണ്ടെന്നും ബിജെപി 105 സീറ്റുകള്‍ കൊണ്ട് എങ്ങനെയാണ് ഭൂരിപക്ഷം തെളിയിക്കുകയെന്നും താക്കറെ ചോദിച്ചു. തന്നെ നുണയനായി ചിത്രീകരിച്ചവരോട് സംസാരിക്കില്ലെന്നും തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ തുറന്നു കിടക്കുന്നുണ്ടെന്നും താക്കറെ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook