ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി ശിവസേന. കേന്ദ്രമന്ത്രിയും ശിവസേന എംപിയുമായ അരവിന്ദ് സാവന്ത് രാജിവച്ചു. ശരിയല്ലാത്ത അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്നില്ലെന്നാണ് അരവിന്ദ് രാജിയെ കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് താന്‍ രാജിവയ്ക്കുന്ന വിവരം അദ്ദേഹം അറിയിച്ചത്.

ശിവസേനയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. എന്‍ഡിഎയുമായുള്ള സഖ്യം അവസാനിപ്പിച്ചാല്‍ സഖ്യത്തെ കുറിച്ച് ചിന്തിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍സിപി പറഞ്ഞത്. ഈ ഉപാധി അംഗീകരിക്കുന്നതാണ് അരവിന്ദിന്റെ രാജി. അതേസമയം അരവിന്ദിന്റെ രാജിയെ കുറിച്ച് തന്നോട് ആരും സംസാരിച്ചിട്ടില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായി തീരുമാനിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക എന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നുണ്ട്.

Read More: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്താനായി സോണിയാ ഗാന്ധിയുടെ വസതിയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുകയാണ്. അഹ്മദ് പട്ടേല്‍, കെ.സി വേണു ഗോപാല്‍, മല്ലികാര്‍ജുന്‍ ഗാര്‍ഗെ തുടങ്ങിയവര്‍ സോണിയയുടെ വസതിയിലെത്തിയിട്ടുണ്ട്.
ബിജെപി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചു. മഹാരാഷ്ട്ര നേതാക്കള്‍ അല്‍പ്പ സമയത്തിനകം സോണിയയെ കാണും.

ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച സമയം കുറഞ്ഞു പോയെന്ന് ശിവസേന ആരോപിച്ചു. ബിജെപിയ്ക്ക് 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നുവെന്നും തങ്ങള്‍ക്ക് കുറവ് സമയമാണ് അനുവദിച്ചതെന്നും ശിവസേന പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook