മുംബൈ: വിളകള്‍ക്ക് മാന്യമായ പ്രതിഫലം ലഭിക്കാന്‍ അവസരമൊരുക്കണമെന്നും കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ലോണ്‍ എഴുതി തളളാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുന്നത്.

വായ്പ എഴുതി തള്ളമെന്നും മറ്റ് ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും ഇത് പാലിച്ചില്ലെങ്കില്‍ ജൂലൈ 25 മുതല്‍ വീണ്ടും സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷകവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും ശക്തമായ താക്കീത് നല്‍കി കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ വിവിധ കര്‍ഷകസംഘടനകള്‍ സംസ്ഥാനവ്യാപക പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. 11 ദിവസമായി സമരവും നടക്കുകയാണ്.

സര്‍ക്കാര്‍ ഓഫീസുകളും കടകമ്പോളങ്ങളും അടച്ചിട്ടും ഗതാഗതം സ്തംഭിപ്പിച്ചും നടന്ന കര്‍ഷക പണിമുടക്കില്‍ പൊതുസമൂഹവും അണിചേര്‍ന്നു. പാലും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍ക്കാതെ ഈ മാസം ആദ്യം മുതലാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ സമരം തുടങ്ങിയത്. കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത വില വിളകള്‍ക്ക് ഉറപ്പാക്കണമെന്നും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook