ന്യൂഡല്‍ഹി: കേന്ദ്രനടപടി അനുസരിച്ചുകൊണ്ട് ഗുജറാത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. ഇതോടെ പെട്രോളിന് രണ്ട് രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതിയ നിരക്ക് പ്രകാരം പെട്രോള്‍ ലിറ്ററിന് 75.58 രൂപയാകും. ഡീസലിനാകട്ടെ 59.55 രൂപയും.

ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരം ഇത് രണ്ടാമത്തെ സംസ്ഥാനമാണ് അനുകൂല നിലപാട് സ്വീകരിക്കുന്നത്.

മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ 25 ശതമാനമാണ് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ 26 ശതമാനവുമാണ് പെട്രോളിന് നികുതി. നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ ഡീസലിന് 21 ശതമാനമാണ് നികുതി. മറ്റ് ഭാഗങ്ങളില്‍ 22 ശതമാനവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ