മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം അവസാനിക്കുന്നില്ല. ഇതോടെ നാടകീയ സംഭവങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ശിവസേന തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസം ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനം. ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

നേരത്തെ, ഇരുപതോളം ശിവസേന എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കൂടാതെ ബിജെപിയുമായും ദേവന്ദ്ര ഫഡ്‌നാവിസുമായി ചില ശിവസേന എംഎല്‍എമാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ബിജെപി പറഞ്ഞിരുന്നു. ഇതോടെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ശിവസേന തീരുമാനിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഒരു ദിവസം മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബാക്കിയുള്ളത്.

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തകൃതിയാക്കി ബിജെപി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇതിനായി നാഗ്പൂരിലെത്തി. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗഡ്കരി. അതേസമയം, മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. താന്‍ മഹാരാഷ്ട്രയിലേക്ക് യാതൊരു കാരണവശാലും മടങ്ങി വരില്ലെന്നും ഡല്‍ഹിയില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുടെ പിന്തുണ തേടുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook