മുംബൈ: ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം . ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, തങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നു. ശിവസേനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് കോൺഗ്രസോ എൻസിപിയോ കത്ത് നൽകിയിട്ടില്ല. കത്ത് നൽകിയെന്ന വാർത്തകൾ ഇരു പാർട്ടി നേതൃത്വം നിഷേധിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു.

Read Also: പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് മന്‍മോഹന്‍ സിങ്ങിനെ ശുപാര്‍ശ ചെയ്തു

ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയും മകൻ ആദിത്യ താക്കറെയും ഇന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സർക്കാർ രൂപീകരണത്തെ കുറിച്ചായിരുന്നു ചർച്ചകൾ. എൻഡിഎ ബന്ധം ഉപേക്ഷിച്ചതോടെയാണ് ശിവസേനയെ പിന്തുണയ്‌ക്കുന്ന കാര്യത്തെ കുറിച്ച് കോൺഗ്രസും എൻസിപിയും ആലോചിച്ചു തുടങ്ങിയത്.

അതേസമയം, സർക്കാർ രൂപീകരിക്കാൻ രണ്ടു ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ശിവസേന ഗവർണറോട് ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ സമയം അനുവദിക്കാൻ ഗവർണർ തയ്യാറായില്ല. 48 മണിക്കൂർ അധികം വേണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. ഇതിനോടു ഗവർണർ മുഖം തിരിച്ചു. സർക്കാർ രൂപീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. എന്നാൽ, കോൺഗ്രസിന്റെയോ എൻസിപിയുടെയോ പിന്തുണ ഉറപ്പ് നൽകാൻ ശിവസേനയ്ക്ക് സാധിച്ചില്ല. സർക്കാർ രൂപീകരണ ചർച്ചകളുമായി മുന്നോട്ടു പോകുമെന്ന് ആദിത്യ താക്കറെ അറിയിച്ചു.

കൂടുതൽ ചർച്ചകൾ നാളെ നടക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഖെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സോണിയ ഗാന്ധി ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. മുംബെെയിൽ വച്ച് അടുത്ത ദിവസം കോൺഗ്രസ് – എൻസിപി നേതാക്കൾ തമ്മിൽ ചർച്ച നടക്കുമെന്നും അതിനുശേഷമേ അന്തിമ തീരുമാനമാകൂവെന്നും ഗാർഖെ വ്യക്തമാക്കി.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് ഗവർണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലെന്ന് ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചിരുന്നു. ഇന്നലെയായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്. ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചെന്നും സേനയ്ക്ക് കോണ്‍ഗ്രസും എൻസിപിയുമായും സഖ്യം രൂപീകരിക്കാമെന്നും ബിജെപി വ്യക്തമാക്കി.

Read Also: അനീതിക്ക് മുന്നില്‍ മുട്ടുമടക്കാതെ വിദ്യാര്‍ഥികള്‍; ജെഎന്‍യുവിലെ പ്രതിഷേധത്തിനു പിന്നില്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook