മുംബൈ: മഹാരാഷ്ട്രയിലെ കാവൽ സർക്കാരിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കുകയും, ശിവസേനയുമായുള്ള തർക്കം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. എന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുകയാണ് ശിവസേന. രാവിലെ 10.30 നാണ് ഗവർണർ ഭഗത് സിംഗ് കോശാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

മുതിർന്ന നേതാവും ബിജെപി കോർ കമ്മിറ്റി അംഗവുമായ സുധീർ മുങ്കന്തിവാർ നവംബർ 6 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ നടന്ന രണ്ടാം ഘട്ട യോഗങ്ങൾക്ക് ശേഷം ബിജെപിയും ശിവസേനയും ഒന്നിച്ച് സർക്കാർ രൂപീകരിക്കും എന്നായിരുന്നു.

“എത്ര ശ്രമിച്ചാലും നിങ്ങൾക്ക് ജലത്തെ വിഭജിക്കാനാകില്ല. ബിജെപിയും ശിവസേനയും ഒന്നിച്ചാണ്. കർഷക പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ ഇന്ന് ചർച്ച ചെയ്തു. നിങ്ങൾ കാത്തിരിക്കണം. സന്തോഷ വാർത്തകൾ പുറത്തുവരും,” എന്നായിരുന്നു.

Read More: മഹാരാഷ്ട്രയിൽ മഞ്ഞുരുകുന്നു; ശിവസേനയുടെ 50:50 അംഗീകരിച്ച് ഫഡ്‌നാവിസ്

സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

സന്ദർശന വിവരം ബിജെപി പ്രതിനിധി ഗവർണറുടെ ഓഫീസിനെ അറിയിച്ചു.

“പ്രതിബന്ധങ്ങൾ നാളെയോടെ അവസാനിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കാലാനുസൃതമല്ലാത്ത മഴ അവലോകനം ചെയ്യുന്നതിനായി നടന്ന യോഗത്തിൽ ഏകനാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സേന പ്രതിനിധി സംഘം ബിജെപി നേതാക്കളെ സന്ദർശിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തിയ എല്ലാ മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഫഡ്നാവിസ് അധ്യക്ഷത വഹിച്ചു. ഇവരിൽ സേന മന്ത്രിമാരും ഉൾപ്പെടുന്നു.”

അതേസമയം സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം നഗരവികസനം റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാൽ സഹകരിക്കാമെന്നാണ് സേനാക്യാമ്പിലെ ആലോചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook