മുംബൈ: രാജ്യത്ത് കോവിഡ്-19 പോസിറ്റീവായ കൂടുതൽ പേരുളളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 33 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിൽ 18 പേർ ദുബായ് സന്ദർശിച്ചവരാണ്. ചിലർ രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തിയിട്ടുളളവരാണ്. അതായത് മൊത്തം കേസുകളിൽ 54.5 ശതമാനം പേർക്കും കൊറോണ ബാധിച്ചത് ദുബായ് സന്ദർശനത്തിൽനിന്നാണ്.

കോവിഡ്-19 പോസിറ്റീവായ കൂടുതൽ പേരും മാർച്ച് 5 നു മുൻപ് ദുബായിൽനിന്നും മടങ്ങിയെത്തിയവരാണ്. മുംബൈ, പൂനെ, യാവത്‌മാൽ, നാഗ്പൂർ എന്നിവിടങ്ങളിൽനിന്നുളള 15 പേർ മാർച്ച് 1 ന് ദുബായിൽനിന്നും എത്തിയവരാണ്. മറ്റുളള രാജ്യങ്ങൾ സന്ദർശിച്ചവരെക്കാൾ ദുബായിൽനിന്നും എത്തിയവർക്ക് രോഗലക്ഷണങ്ങൾ കൂടുതലാണെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ (എൻഎച്ച്എം) അനൂപ് കുമാർ യാദവ് പറഞ്ഞു.

Read Also: കൊറോണ ഭീതി: മധ്യപ്രദേശിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല

ഞായറാഴ്ചവരെ 85 കൊറോണ കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. എന്നിട്ടും ദുബായ് ഇപ്പോഴും ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാലാണ് മാർച്ച് 5 വരെ ദുബായിൽ നിന്നും ഇന്ത്യയിലെത്തിയ യാത്രക്കാരെ പരിശോധിക്കാത്തത്. മാർച്ച് 5 ന് മുൻപ് ദുബായിൽനിന്നും മടങ്ങിയെത്തിയ നിരവധി പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും ഇവരെ വിമാനത്താവളത്തിൽ സ്ക്രീനിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും സംസ്ഥാന അധികൃതർ സമ്മതിക്കുന്നു. ഇവർ ആരൊക്കെയാണെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃർ. പക്ഷേ ഇത് ദുഷ്കരമാണ്. കുറച്ചു നാളുകൾ ഇതിനുവേണ്ടിവരും.

രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിന് 14 ദിവസം വിദേശ യാത്രക്കാർ നിരീക്ഷണത്തിൽ കഴിയേണ്ട 7 രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ ഇല്ല. യുഎഇയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.

ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം യുഎഇ ജനസംഖ്യയിൽ 30 ശതമാനം ഇന്ത്യക്കാരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook