നാഗ്പൂര്‍: 1975ലെ അടിയന്തരാവസ്ഥാ കാലത്ത് തടവില്‍ കഴിഞ്ഞവര്‍ക്ക് ‘സ്വാതന്ത്ര്യസമരസേനാനി’ പദവി നല്‍കാന്‍ ആലോചിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ . ജനുവരി 2018ല്‍ നടക്കുന്ന ആദ്യ ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കാനൊരുങ്ങുന്ന നിര്‍ദ്ദേശത്തെ ബിജെപിയും ശിവസേനയും നിരുപാധികം പിന്തുണയ്ക്കും. ” അടിയന്തരാവസ്ഥ കാലത്ത് തടവറയില്‍ കഴിഞ്ഞവരെ സ്വാതത്ര്യസമരസേനാനികളായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ” മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
മധ്യപ്രദേശ് ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സമാനമായ തീരുമാനം പരിഗണിച്ച സാഹചര്യത്തില്‍ പല കോണുകളില്‍ നിന്നും അത് പിന്തുടരാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനും സമ്മര്‍ദ്ദം ഏറിയിരുന്നു. “ബിജെപി ഭരിക്കുന്ന 19 സംസ്ഥാനങ്ങളാണ് അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമരസേനാനി പദവി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ” ഒരു ബിജെപി നേതാവ് പറഞ്ഞു.
” ജനാധിപത്യത്തിന്‍റെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന ശക്തമായ സന്ദേശം നല്‍കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശം” ബിജെപി നേതാവ് പറഞ്ഞു.
ബിജെപി നയത്തെ പരിഹസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നോട്ടുവന്നത്. ” അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ ഒഴിവാക്കുവാനായി മാപ്പപേക്ഷയുമായി നടന്ന ബാലാസാഹേബ് ഡിയോറ അടക്കം വരുന്ന ആര്‍എസ്എസ് നേതാക്കള്‍ക്ക് ബിജെപി എന്ത് പദവി നല്‍കും എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്” എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്തിന്‍റെ പ്രതികരണം.
” അടിയന്തരാവസ്ഥ ഒരു തെറ്റായ അദ്ധ്യായമാണ്. കോണ്‍ഗ്രസില്‍ ഉള്ളവരോ മറ്റ് പാര്‍ട്ടികളില്‍ ഉള്ളവരോ ഒന്നും തന്നെ ഇന്നതിനെ ന്യായീകരിക്കുന്നില്ല. കോണ്‍ഗ്രസിനെ എപ്പോഴും പിന്നോട്ടടിക്കുന്ന ഒരേയൊരു വിഷയം അതാണ്. എപ്പോഴൊക്കെ നമ്മള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവത്തെകുറിച്ച് പറയുന്നുണ്ടോ അപ്പോഴൊക്കെ ബിജെപി പ്രതിരോധിക്കുന്നത് അടിയന്തരാവസ്ഥ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ്. ” ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.