മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടി. 169 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിന് ലഭിച്ചത്. അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി എംഎല്‍മാരെയും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രോ ടൈം സ്പീക്കര്‍ ശാസിച്ചു. ഇതേ തുടർന്നായിരുന്നു ബഹിഷ്കരണം.
288 അംഗ നിയമസഭയില്‍ 145 വോട്ടുകളായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങള്‍ക്ക് 172 പേരുടെ പിന്തുണ ഉണ്ടെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യത്തിന്റെ അവകാശവാദം. എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനയ്ക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. ഇതിനുപുറമേ എട്ട് പേരുടെ പിന്തുണ കൂടി ഉറപ്പാണെന്നായിരുന്നു ഗവര്‍ണര്‍ക്കു നല്കിയ കത്തില്‍ ത്രികക്ഷി സഖ്യം പറഞ്ഞത്. എന്നാൽ 169 പേരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിന് ലഭിച്ചത്.
അതേസമയം, ത്രികക്ഷി സഖ്യം അധികാരമേറ്റതിനു പിന്നാലെ തര്‍ക്കങ്ങളും ആരംഭിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയാണ് കോണ്‍ഗ്രസും എന്‍സിപിയും ഇപ്പോള്‍ പോരടിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, എന്‍സിപി ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.
തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിസഭാ വിപുലീകരണം നീണ്ടുപോകാനാണ് സാധ്യത. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും രണ്ട് വീതം പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മറ്റ് മന്ത്രിമാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി ആരെന്നും വ്യക്തമായിട്ടില്ല.
ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. എന്നാല്‍, ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കു വേണമെന്നാണ് എന്‍സിപി വാദം. ഇക്കാര്യത്തില്‍ ഒരു ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ശിവസേന നടത്തുന്നത്.
Read Also: മഞ്ഞുരുകുന്നു; താരസംഘടനയില്‍ പ്രതീക്ഷയെന്ന് ഷെയ്ന് നിഗത്തിന്റെ അമ്മ
എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്‍കാനാണ് നേരത്തെ തീരുമാനമായത്. എന്നാല്‍, കോണ്‍ഗ്രസ് പെട്ടന്ന് നിലപാട് മാറ്റി. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുയര്‍ന്നത്.
പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരമേറ്റത്. കോൺഗ്രസും എൻസിപിയും മുന്നോട്ടുവച്ച പൊതു മിനിമം പരിപാടി ശിവസേന അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്ന മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് ത്രികക്ഷി സഖ്യം നിലപാടെടുത്തു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരായിരിക്കും തങ്ങളുടേതെന്നും മഹാസഖ്യം അവകാശപ്പെടുന്നു.