മുംബൈ: കാലവർഷം മഹാരാഷ്ട്രയിൽ വലിയ രീതിയിലാണ് നാശം വിതച്ചത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വെളളപ്പൊക്കമുണ്ടായി. പടിഞ്ഞാറ് മഹാരാഷ്ട്രയിലെ സാങ്‌ലി ജില്ലയിലാണ് വെളളപ്പൊക്കം രൂക്ഷമായത്. നൂറുകണക്കിന് പേരാണ് ജില്ലയിലെ പല​ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുളള ശ്രമത്തിലാണ് സൈന്യം.

ജീവൻ നഷ്ടമാകുമെന്ന് കരുതിയ നിമിഷം രക്ഷകരായെത്തിയ സൈന്യത്തെ നന്ദിപൂർവ്വം സ്മരിക്കുകയാണ് സാങ്‌ലിയിലെ ജനങ്ങൾ. ഇതിന് തെളിവായി ഹൃദയം കവരുന്നൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രക്ഷകരായെത്തിയ സൈനികരുടെ കാൽതൊട്ട് വണങ്ങി നന്ദി അറിയിക്കുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മാധ്യമപ്രവർത്തകൻ നീരജ് രാജ്പുട് ആണ് ഈ വീഡിയോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തത്.

ചെറുവളളത്തിൽ വെളളപ്പൊക്കത്തിൽ അകപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോഴാണ് യുവതി സൈനികരുടെ കാൽ തൊട്ട് വണങ്ങിയത്. വളളത്തിലുണ്ടായിരുന്ന രണ്ടു സൈനികരുടെ കാൽ തൊട്ട് വണങ്ങിയശേഷം വീണ്ടും കൈകൂപ്പി യുവതി നന്ദി പറഞ്ഞു. നഷ്ടമാകുമെന്ന് കരുതിയ ജീവിതം തിരികെ തന്നതിന്റെ നന്ദിയായിരുന്നു യുവതിയുടെ മുഖത്ത് കാണാനായത്.

Read Here: കുത്തൊഴുക്കിലും ജീവൻ പണയം വച്ച് ആംബുലൻസിന് വഴികാട്ടിയായി ബാലൻ, വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook