മുംബൈ: കത്തുന്ന സൂര്യന്റെ ചൂട് അവഗണിച്ചുകൊണ്ട് 180 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് ഞായറാഴ്ച്ചയോടെ തലസ്ഥാനമായ മുംബൈയില്‍ എത്തിയിരിക്കുകയാണ് മഹാരാഷ്ടയിലെ മുപ്പതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍. സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധികളോട് അനുകൂലമായ നിലപാടല്ല ദേവേന്ദ്ര ഫഡ്നാവിസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്നാരോപിച്ച് സംഘടിച്ച കര്‍ഷകര്‍ വരും ദിവസങ്ങളില്‍ തങ്ങളുടെ സമരം സംസ്ഥാന അസംബ്ലിക്ക് മുന്നിലേക്ക് സമരം മാറ്റും.

സിപിഎമ്മിന്‍റെ വര്‍ഗ ബഹുജന സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷക പ്രതിഷേധത്തെ നയിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായ് തിങ്കളാഴ്ച സംസ്ഥാന നിയമസഭ സ്തംഭിപ്പിക്കാനാണ് ആലോചന.

കര്‍ഷക കടം എഴുതി തള്ളുക, കൃഷി ചെയ്യുന്നതായ വനഭൂമിയുടെ അവകാശം കര്‍ഷകര്‍ക്ക് കൈമാറുക, സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുക, കൊടുങ്കാറ്റ് ദുരിതം വിതച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപ വീതം നല്‍കുക, സംസ്ഥാനത്തിന്‍റെ ജലസ്രോതസ് ഗുജറാത്തിന് നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

” ഞങ്ങള്‍ക്ക് ഇനിയും പ്രസ്താവനകള്‍ വേണ്ട. നടപ്പിലാക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തിക്കാനായി ആവശ്യത്തിന് സമയം നല്‍കിയതാണ്. ഇനി ഞങ്ങളുടെ പ്രശ്നം തീര്‍ന്നിട്ട് മാത്രമേ ഞങ്ങള്‍ അസംബ്ലി പരിസരത്ത് നിന്നും പോവുകയുള്ളൂ.” വരുന്ന ദിവസങ്ങളില്‍ ഒട്ടനവധി കര്‍ഷകര്‍ സമരത്തിന്‍റെ ഭാഗമാവും എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറി അജിത്‌ നവാലെ പറഞ്ഞു.

കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചത്. ” ബിജെപി സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുന്നത് തുടരില്ല എന്ന്‍ ഉറപ്പുവരുത്താനാണ് കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് നയിക്കുന്നത്. അവര്‍ക്ക് അവകാശപ്പെട്ടത് ലഭിക്കേണ്ടതുണ്ട്.” യെച്ചൂരി ട്വീറ്റ് ചെയ്തു.

യുവാക്കള്‍ക്കും മദ്ധ്യവയസ്കര്‍ക്കും പുറമേ ഒട്ടേറെ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ജാഥയില്‍ അണിനിരക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഭാരത്‌ കി കിസാന്‍ പാര്‍ട്ടി, സിപിഐ എന്നിവരും കര്‍ഷക ജാഥയ്ക്ക് പിന്തുണയുമായുണ്ട്. മുംബൈ എത്തുമ്പോഴേക്കും ജാഥയില്‍ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഉണ്ടാകും എന്നാണ് കിസാന്‍സഭ നേതാക്കള്‍ അവകാശപ്പെടുന്നത്.

അതേസമയം, എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേന, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്നിവര്‍ക്ക് പുറമേ ആം ആദ്മി പാര്‍ട്ടിയും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. വെള്ളിയാഴ്ച കര്‍ഷക നേതാക്കളുമായ് കൂടിക്കാഴ്ച നടത്തിയ ഫഡ്നാവിസ് സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്ധെ അവര്‍ക്ക് ഉദ്ധവ് താക്കറെയുടെ സന്ദേശവും കൈമാറി.

“ശിവസേനയും എംഎൻഎസും ആംആദ്മി പാർട്ടിയും മറ്റ് ചില സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഞങ്ങളാ പിന്തുണ സ്വീകരിച്ചിട്ടുമുണ്ട്. ആര് സമരത്തിന് പിന്തുണയുമായ്‌ മുന്നോട്ടുവന്നാലും ഞങ്ങളത് സ്വീകരിക്കും,” കിസാൻ സഭാ ജനറൽ സെക്രട്ടറി അജിത് നവാലെ പറഞ്ഞു.

മാര്‍ച്ച് 2016ന് കര്‍ഷക പ്രതിഷേധം അരങ്ങേറിയ നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്നുമാണ് ചൊവ്വാഴ്ച ജാഥ ആരംഭിച്ചത്. ദിവസേന മുപ്പത്തിയഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടുപോയത്. ഇന്ന് രാത്രി സോമയ്യ മൈതാനത്ത് കഴിച്ചുകൂട്ടുന്ന പ്രതിഷേധക്കാര്‍ നാളെ രാവിലെ സിയോണില്‍ നിന്നും വീണ്ടും ജാഥ നീങ്ങും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ