മുംബൈ: മഹാരാഷ്ട്രയിൽ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിനായി 7500ല്‍ അധികം വരുന്ന കര്‍ഷകര്‍ നാസിക്കിലെത്തി. ഇന്നലെ ഇവരെ പൊലീസ് തടഞ്ഞിരുന്നു. സമരത്തിനുളള അനുമതി നിഷേധിച്ചിട്ടും മുന്നോട്ട് പോകാനുളള കർഷകരുടെ തീരുമാനത്തിനെതിരായാണ് നടപടി. എന്നാൽ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നാണ് സമരക്കാരുടെ നിലപാട്.

ആദ്യഘട്ടത്തിൽ അരലക്ഷം പേരെ അണിനിരത്തിയാണ് സമരം നടത്തിയതെങ്കിൽ ഇത്തവണ ഒരു ലക്ഷം പേരാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് പൊലീസ് തടഞ്ഞത്.

ആദ്യഘട്ടത്തിൽ കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പക്ഷേ അഖിലേന്ത്യാ കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്‌ള സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാട് എടുത്തതോടെ സ്ഥിതി സംഘർഷഭരിതമാകുമെന്ന പ്രതീതിയാണ് ഉയർന്നിരിക്കുന്നത്.

ആദ്യഘട്ടത്തിൽ നടത്തിയ ലോങ് മാർച്ച് ഇന്ത്യയൊട്ടാകെ വൻ ജനപിന്തുണ ആർജ്ജിക്കുകയും സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നു. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം പേരാണ് ഇക്കുറി കാൽനട സമരത്തിന് ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ ഊർജ്ജമാണ് ഇവരെ നയിക്കുന്നത്. കഴിഞ്ഞ മാർച്ചിന് ശേഷം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്.

കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, പെന്‍ഷനും കൃഷിക്ക് വെള്ളവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവും സമരക്കാർക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook