മുംബൈ: കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണനയിലും കടം എഴുതിതള്ളല്‍ പദ്ധതികളിലെ അസന്തുഷ്ടതയിലും പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ സമരത്തിലേക്ക്. ഇന്നുമുതല്‍ ആരംഭിക്കുന്ന പ്രതിഷേധ പരിപാടികള്‍ ഈ മാസമുടനീളം തുടരുമെന്ന് കര്‍ഷകരുടെ ഏകോപന സമിതി അറിയിച്ചു. മിച്ചതുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകരുടെ വൈദ്യുതി വിച്ഛേദിക്കുന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിനെതിരാണ് (എംഎസ്ഇബി) ഇന്നത്തെ പ്രതിഷേധം.

“കര്‍ഷകര്‍ക്ക് 16 മണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നതിനായി 20,000 കോടി രൂപയാണ് എംഎസ്ഇബി ചെലവിടുന്നത്. സത്യത്തില്‍ വെറും എട്ടു മണിക്കൂര്‍ വൈദ്യുതി മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വൈദ്യുതി കമ്പനികള്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം. നവംബര്‍ ഒന്നാം തീയതി കര്‍ഷകരുടെ വൈദ്യുതി വിച്ഛേദിക്കുന്നവരുടെ ഓഫീസും അടഞ്ഞു കിടക്കുമെന്ന് ഞങ്ങള്‍ ഉറപ്പിലാക്കും.” കര്‍ഷക ഏകോപന സമിതി പ്രതിനിധി രഘുനാഥ് ദാദാ പാട്ടില്‍ പറഞ്ഞു.

നവംബര്‍ എട്ടാം തീയതി നോട്ടുനിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്താനും കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്‌. കടം എഴുതിത്തള്ളുന്നതിലെ സംസ്ഥാനത്തിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടിയും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില നിര്‍ണയിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നവംബര്‍ പത്താം തീയതിയിലെ പ്രതിഷേധം.

കടങ്ങള്‍ എഴുതി തള്ളുക എന്നതിനു പുറമേ കാര്‍ഷിക രംഗത്ത് അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരണം എന്നതും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ്‌. കഴിഞ്ഞ നാലുമാസമായി ഈ ആവശ്യങ്ങളുയര്‍ത്തി പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ