നാഗ്പൂർ: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി സംഘടിപ്പിച്ച ‘ചായ് പേ’ ചർച്ചയിൽ പങ്കടുത്ത യുവ കർഷകൻ വിളനാശം കാരണം കടംകയറി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മൽ ജില്ലയിലെ കൈലാസിനെ (28) കീടനാശിനി കഴിച്ച് മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി.

മൂന്ന് ഏക്കര്‍ കൃഷിസ്ഥലം സ്വന്തമായുളള കൈലാസ് 2012ൽ അച്ഛൻ മരിച്ചതിനെ തുടർന്ന് വീടിന്റെ ഏക ആശ്രയമായിരുന്നു. കനത്ത മഴയിലുണ്ടായ വിളനാശത്തെ തുടർന്ന് കൈലാസ് എറെ നിരാശനായിരുന്നെന്ന് സഹോദരൻ പറയുന്നു. സഹകരണ ബാങ്കിൽ നിന്ന് 30,000 രൂപയും സ്വകാര്യ പണമിടപാടുകാരിൽ ന്ന് ഒരു ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നുല്ല. സഹോദരിയുടെ വിവാഹവും അടുത്തിരിക്കയാണ്. ഇതിന് പണം സ്വരൂപിക്കാനാവാത്തതും ജീവനൊടുക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്ന് ബന്ധുക്കൾ പറയുന്നു.

2014 മാര്‍ച്ച് 20ന് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ‘കര്‍ഷകരുടെ മിത്രമായി’ പ്രവര്‍ത്തിക്കുമെന്ന് മോദി ഉറപ്പു നല്‍കിയിരുന്നു. വിളകളുടെ പൂര്‍ണ അവകാശം, പലിശക്കാരില്‍ നിന്ന് സംരക്ഷണം, കടത്തില്‍ നിന്ന് മുക്തി, ഗുണമേന്മയുളള വിത്ത്, വളം, ഇന്‍ഷുറന്‍സ് ഒക്കെ അന്ന് ചര്‍ച്ചയില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ