മുംബൈ: രാജ്യത്ത് ഉളളി വില താഴുന്നത് കർഷക ജീവിതത്തിന് ഇരുട്ടടി ആകുന്നു. മഹാരാഷ്ട്രയിൽ 2,657 കിലോ ഉളളി വിറ്റപ്പോൾ കർഷകന് കിട്ടിയ ലാഭം വെറും 6 രൂപ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ഈ തുക മണി ഓർഡറായി അയച്ചുകൊടുത്താണ് കർഷകൻ തന്റെ പ്രതിഷേധം അറിയിച്ചത്.

”അഹമ്മദ്നഗർ ജില്ലയിലെ കർഷകനായ ശ്രേയസ് അബ്ഹലെയ്ക്കാണ് ദുരിതാവസ്ഥയുണ്ടായത്. സാങ്കംനർ മൊത്തക്കച്ചവട മാർക്കറ്റിൽ 2,657 കിലോ ഉളളി വിറ്റപ്പോൾ 2,916 രൂപയാണ് കിട്ടിയത്. പണിക്കാർക്കും ഗതാഗതത്തിനുമായി 2,910 രൂപ ചെലവായി. മിച്ചം കൈയ്യിൽ കിട്ടിയത് 6 രൂപ,” ശ്രേയസ് പിടിഐയോട് പറഞ്ഞു. ഇതിൽ താൻ നിരാശനായെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് 6 രൂപ അദ്ദേഹത്തിന് അയച്ചുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

”ഉളളി കൃഷിക്കായി ഏകദേശം 2 ലക്ഷം രൂപയോളം ചെലവാക്കി, എനിക്ക് കിട്ടിയതോ 6 രൂപ. മറ്റു കടങ്ങൾ എങ്ങനെയാണ് തീർക്കുകയെന്ന് എനിക്ക് അറിയില്ല,” ശ്രേയസ് പറഞ്ഞു. ഉളളി കച്ചവടം ചെയ്ത അതേ ദിവസം തന്നെയാണ് ശ്രേയസ് ലാഭമായി കിട്ടിയ 6 രൂപ മുഖ്യമന്ത്രിക്ക് മണി ഓർഡർ ആയി അയച്ചു കൊടുത്തത്.

Read: 750 കിലോ ഉളളിക്ക് കിട്ടിയത് 1064 രൂപ; പണം മോദിക്ക് അയച്ച് കർഷക പ്രതിഷേധം

അടുത്തിടെ, മഹാരാഷ്ട്ര നാസിക് ജില്ലയിലെ നിപാദ് പ്രദേശത്ത് താമസിക്കുന്ന കർഷകൻ സഞ്ജയ് സേത് 750 കിലോ ഉളളി വിറ്റപ്പോൾ കിട്ടിയ 1064 രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് പ്രതിഷേധിച്ചിരുന്നു. “ഞാൻ ഇക്കുറി 750 കിലോ ഉളളിയാണ് കൃഷി ചെയ്ത് ഉണ്ടാക്കിയത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് അവർ വില പറഞ്ഞത്. വില പേശി അത് ഞാൻ 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ എനിക്ക് കിട്ടിയത് 1064 രൂപ മാത്രമാണ്. ഇതുകൊണ്ട് ഞാനും എന്റെ കുടുംബവും എങ്ങിനെ കഴിയും?” കൊടും ദുരിതത്തിന്റെ കഥ വിവരിച്ച് സഞ്ജയ് സേത് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ