മുംബൈ: ബാങ്കിൽ നിന്നും വായ്‌പയെടുത്ത രണ്ട് ലക്ഷത്തോളം രൂപ കൃഷിക്ക് ചെലവാക്കിയ കർഷകന് വിളയ്ക്ക് ലഭിച്ചത് തുച്ഛമായ തുക. ആഴ്ചകളോളം കഷ്ടപ്പെട്ട് അധ്വാനിച്ച് വിളയിച്ചെടുത്ത വഴുതനങ്ങയ്ക്കാണ് കിലോയ്ക്ക് വെറും 20 പൈസ ലഭിച്ചത്. ഇതേ തുടർന്ന് വഴുതന തൈകൾ വേരോടെ പിഴുതെറിഞ്ഞ് കർഷകൻ രോഷം തീർത്തു.

അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിൽ നിന്നുളള രാജേന്ദ്ര ബെവകെയാണ് തന്റെ പാടത്തെ പച്ചക്കറി കൃഷി നശിപ്പിച്ചത്. രണ്ട് ഏക്കറിലാണ് രാജേന്ദ്ര വഴുതനങ്ങ കൃഷി ചെയ്തത്. ഇതിന് ജലസേചനത്തിനായി പൈപ്പുകളും സ്ഥാപിച്ചു.

ആഴ്ചകളോളം അധ്വാനിച്ച് വിളയിച്ചെടുത്ത വഴുതന മഹാരാഷ്ട്രയിലെ നാസിക് മാർക്കറ്റിലും ഗുജറാത്തിലെ സൂറത്തിലും കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചു. രണ്ടിടത്തും കിലോയ്ക്ക് ലഭിച്ചത് വെറും 20 പൈസ മാത്രം. കൃഷിക്കാവശ്യമായ വളവും കീടനാശിനികളും വാങ്ങിയതിന്റെ പണം പോലും തിരിച്ചടയ്ക്കാൻ ഇതുകൊണ്ട് സാധിക്കില്ല. കടത്തിന് മുകളിൽ കടമായി മാറിയതോടെയാണ് കർഷകൻ തൈകൾ വേരോടെ പിഴുതെറിഞ്ഞത്.

750 കിലോ ഉളളിക്ക് കിട്ടിയത് 1064 രൂപ; പണം മോദിക്ക് അയച്ച് കർഷക പ്രതിഷേധം

നാല് മാസമായി ഇത് തന്നെയാണ് സ്ഥിതിയെന്ന് രാജേന്ദ്ര പറയുന്നു. വീട്ടിൽ വളർത്തുന്ന പശുക്കൾക്ക് കാലിത്തീറ്റ വാങ്ങാൻ പോലും പണമില്ല. കൃഷി തുടർന്നാൽ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാകുമെന്നാണ് രാജേന്ദ്ര പറയുന്നത്.

മഹാരാഷ്ട്രയിൽ ഉളളി കർഷകരുടെ സ്ഥിതിയും ഇതിന് സമാനമാണ്. 750 കിലോ ഉളളി വിറ്റ നാസിക്കിൽ നിന്നുളള കർഷകന് ആകെ ലഭിച്ചത് 1064 രൂപയാണ്. ഈ തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാണ് സഞ്ജയ് സേത് എന്ന കർഷകൻ പ്രതിഷേധിച്ചത്.

രാജ്യത്താകമാനം കർഷകർ കടുത്ത ദുരിതത്തിലാണ്. നിരവധി പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം വേദിയായത്. രാജ്യതലസ്ഥാനത്ത് കാൽനടയായെത്തിയ ലക്ഷക്കണക്കിന് വരുന്ന കർഷകർ തങ്ങളുടെ വിഷമത്തിന് പരിഹാരം തേടിയെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook