മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് ശിവസേനയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കാതെ വന്നതോടെ എൻസിപിയെ ക്ഷണിച്ച് ഗവർണർ. സർക്കാർ രൂപീകരണത്തിന് ശിവസേനയ്ക്ക് നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെയാണ് ഗവർണർ എൻസിപിയെ ക്ഷണിച്ചത്. മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് എൻസിപിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്നു രാത്രി വരെയാണ് എൻസിപിക്കും അനുവദിച്ചിരിക്കുന്ന സമയം.

മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണം കൊണ്ട് വരാനാണ് തങ്ങളുടെ ശ്രമമെന്ന് എൻസിപി പറയുന്നു. കോൺഗ്രസുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് എൻസിപി നീക്കം. കോൺഗ്രസിനും എൻസിപിക്കും സേനയ്ക്കുമിടയിൽ സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ശിവസേനയുടെ എൻസിപിയുടെയും തീരുമാനമാണ് ഏറെ നിർണായകം. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയാണ് സേന എൻഡിഎ സഖ്യം ഉപേക്ഷിച്ചത്.

Also Read: ഒന്നും പറയാറായിട്ടില്ല; മഹാരാഷ്ട്രയില്‍ ‘രാഷ്ട്രീയ കളി’ തുടരുന്നു

ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും തീരുമാനിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, തങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് നേതാക്കൾ പറയുന്നു. ശിവസേനയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗവർണർക്ക് കോൺഗ്രസോ എൻസിപിയോ കത്ത് നൽകിയിട്ടില്ല. കത്ത് നൽകിയെന്ന വാർത്തകൾ ഇരു പാർട്ടി നേതൃത്വവും നിഷേധിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും നേരത്തെ ഫോണിൽ സംസാരിച്ചിരുന്നു.

Also Read: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് അരവിന്ദ് സാവന്ത്; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍

ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയും മകൻ ആദിത്യ താക്കറെയും ഇന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സർക്കാർ രൂപീകരണത്തെ കുറിച്ചായിരുന്നു ചർച്ചകൾ. അതേസമയം, സർക്കാർ രൂപീകരിക്കാൻ രണ്ടു ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ശിവസേന ഗവർണറോട് ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ സമയം അനുവദിക്കാൻ ഗവർണർ തയ്യാറായില്ല. 48 മണിക്കൂർ അധികം വേണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook