മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി ശരദ് പവാര്‍. എന്‍സിപിയും സഖ്യ കക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി.

”സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എനിക്ക് ഒരു റോളുമില്ല. പ്രതിപക്ഷത്ത് ഇരിക്കാനാണ് ജനങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ റോള്‍ ചെയ്യാന്‍ തയ്യാറാണ്” പവാര്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റൗത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പവാറിന്റെ പ്രതികരണം.

അതേസമയം, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് റൗത്തുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയത്. ശിവസേനയും ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകള്‍.

ബിജെപിയും ശിവസനേയും കഴിഞ്ഞ 25 വർഷമായുള്ള സഖ്യമാണെന്നും ഇന്നല്ലെങ്കില്‍ നാളെ അവര്‍ ഒരുമിക്കുമെന്ന് തനിക്കുറപ്പാണെന്നും പവാര്‍ പറഞ്ഞു. റൗത്തുമായുള്ള ചര്‍ച്ചയില്‍ ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും രാഷ്ട്രീയ സമവാക്യങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും ശിവസനേയും ജനവിധി മാനിക്കണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കുകയാണ് പോംവഴി. ഒരുമിച്ച് മത്സരിച്ചതിനാല്‍ അവര്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പവാര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook