/indian-express-malayalam/media/media_files/uploads/2019/01/dance-bar.jpg)
മുംബൈ: ഡാൻസ് ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന നിയമത്തിൽ സുപ്രീം കോടതി ഇളവ് വരുത്തി. ഡാൻസ് ബാറുകൾക്ക് നിയന്ത്രണം ആകാമെന്നും പക്ഷേ അത് നിരോധനമായി മാറരുതെന്നും ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡാൻസ് ബാറുകൾക്കുമേൽ സർക്കാർ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും കോടതി എടുത്തുകളഞ്ഞു. ഡാൻസ് ബാറുകളിൽ സിസിടിവി വേണ്ടെന്നും നർത്തകിമാരുടെ ശരീരത്തിലേക്ക് നോട്ടുകൾ എറിയരുതെന്നും കോടതി അറിയിച്ചു. എന്നാൽ നർത്തകിമാർക്ക് പണം നൽകുന്നതിന് തടസ്സമില്ല. ഡാൻസ് ബാറുകൾ വൈകിട്ട് 6 മുതൽ 11.30 വരെ മാത്രമേ പ്രവർത്തിക്കാവൂ. ബാറുകളിൽ മദ്യം വിതരണം ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും ഒരു കിലോമീറ്റർ അകലെ മാത്രമേ ഡാൻസ് ബാറുകൾക്ക് ലൈസൻസ് നൽകാവൂവെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര സർക്കാർ ഡാൻസ് ബാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് 2016 ലാണ് കർശന നിയമം കൊണ്ടുവന്നത്. ഇതിനെ ചോദ്യംം ചെയ്താണ് ഹോട്ടൽ ഉടമകളും നർത്തകിമാരും സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം കേസ് പരിഗണിച്ച കോടതി ഡാൻസ് ബാറുകൾക്ക് ഒരു ലൈസൻസ് പോലും 2016 ലെ നിയമത്തിനുശേഷം സർക്കാർ നൽകാത്തതിനെ ചോദ്യം ചെയ്തിരുന്നു. ഡാൻസ് ബാറുകൾക്ക് ലൈസൻസ് നൽകാതെ സർക്കാർ സദാചാര പൊലീസ് ചമയുകയാണോ എന്നാണ് കോടതി ചോദിച്ചത്. മഹാരാഷ്ട്രയുടെ സംസ്കാരത്തിന് നിരക്കാത്തതാണ് ഡാൻസ് ബാറുകളെന്നാണ് ഇതിന് സർക്കാർ മറുപടി പറഞ്ഞത്. മഹാരാഷ്ട്രയിൽ 75000 ലധികം നർത്തകിമാരാണ് ഡാൻസ് ബാറുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.