ന്യൂഡല്‍ഹി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. വിശ്വാസ വോട്ടെടുപ്പ് അത്യാവശ്യമാണെന്നും കുതിരക്കച്ചവടം തടയാൻ നടപടി വേണമെന്നും ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. നാളെ വൈകീട്ട് അഞ്ച് മണിക്ക് മുൻപ് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം. ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടത്. രഹസ്യ ബാലറ്റ് വേണ്ട. പ്രൊടേം സ്‌പീക്കർ നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി.

ഫലത്തിൽ ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് സുപ്രീം കോടതി വിധി. ഭൂരിപക്ഷം തെളിയിക്കാൻ അധികസമയം വേണമെന്ന് ആവശ്യപ്പെട്ട ബിജെപി വാദം സുപ്രീം കോടതി തള്ളി. വിശ്വാസ വോട്ടെടുപ്പിന് രണ്ടാഴ്‌ചത്തെ സമയം വേണമെന്നാണ് ബിജെപി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല.

Read Also: അവരെന്നെ വിളിച്ചില്ല, ഞാനൊരു മോശം നടനായതു കൊണ്ടാവാം: പരിഭവത്തോടെ പ്രതാപ് പോത്തൻ

മഹാസഖ്യത്തിന് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി വിധി. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ലെന്നും കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഉടൻ തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്നാണ് മഹാസഖ്യം ആവശ്യപ്പെട്ടത്. ഞായറാഴ്‌ചയാണ് കേസിൽ വാദം തുടങ്ങിയത്. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട സുപ്രീം കോടതി കേസിൽ വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

എംഎൽഎമാരെ അണിനിരത്തി മഹാസഖ്യം കഴിഞ്ഞ ദിവസം മുംബൈയിൽ ശക്തിപ്രകടനം നടത്തിയിരുന്നു. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാര്‍ സംഘടിച്ച് ശക്തിപ്രകടനം നടത്തിയത്. 162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് മഹാസഖ്യം അവകാശപ്പെട്ടു. ഹയാത്ത് ഹോട്ടലില്‍ 162 പേര്‍ എത്തിയതായി മഹാസഖ്യം അവകാശപ്പെടുന്നുണ്ട്.

Read Also: ബിന്ദു അമ്മിണിക്കെതിരെ പ്രതിഷേധം; മുഖത്തേക്ക് മുളകുപൊടി സ്‌പ്ര‌േ ചെയ്‌തെന്ന് ആരോപണം

തങ്ങൾ 162 പേരുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് നേതാവ് അശോക് ചവാൻ പറഞ്ഞു. ബിജെപി സർക്കാർ ഉടൻ രാജിവയ്‌ക്കണമെന്നും ത്രികക്ഷി സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ശക്തി രാജ്യത്തെ കാണിക്കാൻ വേണ്ടിയാണ് എംഎൽഎമാർ ഒന്നിച്ചുകൂടിയതെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ പറഞ്ഞു. വെളിച്ചത്ത് കാണിക്കാനുള്ള ശക്തിയാണ് തങ്ങൾക്കുള്ളതെന്ന് ബിജെപിയെ പരോക്ഷമായി പരാമർശിച്ച് താക്കറെ പറഞ്ഞു. ഞങ്ങൾ തിരിച്ചുവരുമെന്നല്ല, തിരിച്ചുവന്നിരിക്കുന്നു എന്ന് പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താക്കറെ പറഞ്ഞു.

തങ്ങൾക്ക് സർക്കാർ രൂപീകരിക്കാനുള്ള ശക്തിയുണ്ടെന്നും അതിനു സാധിക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. അജിത് പവാറിന് വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നും ശരദ് പവാർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook