മുംബൈ: മഹാരാഷ്ട്രയിൽ കർഷക സമരത്തിലൂടെ തങ്ങളുടെ ശക്തി തെളിയിച്ച സിപിഎം തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ ഒരുങ്ങുന്നു. ബിജെപിയെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എൻസിപിയോട് സഖ്യത്തിലാവുന്ന പാർട്ടി കോൺഗ്രസുമായി സഹകരിച്ചാവും മത്സരിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളെങ്കിലും സംസ്ഥാനത്ത് ജയിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് ശ്രമം. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ അവരോട് സഹകരിക്കാനും തീരുമാനമുണ്ട്.
സിപിഎമ്മിന് സ്വാധീനമുളള നാസിക്ക്, താനെ, പാൽഖർ, അഹമ്മദ് നഗർ, ഷോലാപ്പൂർ ജില്ലകളിലെ രണ്ട് സീറ്റുകളിലാവും അവർ മത്സരിക്കുക. പാർട്ടിക്കുളള ശക്തമായ സ്വാധീനം മുൻനിർത്തിയാവും വിലപേശൽ. മത്സരിക്കാത്ത സീറ്റുകളിൽ കോണ്‍ഗ്രസിന് തുറന്ന പിന്തുണ നല്‍കാമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്.
സഖ്യ ചർച്ചകളിൽ സിപിഎമ്മിനെ കൂടെ കൂട്ടുന്നത് എൻസിപിയാണ്. മാർച്ച് ആദ്യവാരം സഖ്യം സംബന്ധിച്ച് തീരുമാനമാകും. ദേശീയ തലത്തിലെ അടവുനീക്കങ്ങൾ കേരളത്തിൽ ബിജെപിയുടെ അടക്കം രാഷ്ട്രീയ ആയുധമാകും. എന്നാൽ ഇത് വകവയ്ക്കാതെയാണ് സിപിഎമ്മിന്റെ മുന്നോട്ട് പോക്ക്.